കോലഞ്ചേരി: കൊവിഡ് വ്യാപനം രൂക്ഷമായ മഴുവന്നൂർ പഞ്ചായത്തിൽ പരിശോധന കർശനമാക്കി ആരോഗ്യവകുപ്പും നിരീക്ഷണം കർശനമാക്കി പൊലീസും കൊവിഡ് നിയന്ത്റണത്തിന് മുന്നിട്ടിറങ്ങി. നിലവിൽ ചികിത്സയിലുള്ളത് 299 പേരാണ്. വരും ദിവസങ്ങളിൽ വാർഡുതലത്തിൽ പരിശോധന കർശനമാക്കും. പഞ്ചായത്തിലെ ആരോഗ്യകേന്ദ്രങ്ങളിൽ എത്തുന്നവരിൽ രോഗലക്ഷണം തോന്നുന്നവരെയെല്ലാം പരിശോധനയ്ക്ക് വിധേയമാക്കും. വാർഡുതലത്തിൽ ആരോഗ്യപ്രവർത്തകർ മെമ്പർമാരുടെ നേതൃത്വത്തിൽ ബോധവത്കരണം നടത്തുന്നുണ്ട്.

പഞ്ചായത്തിൽ മെയിൻ റോഡുകൾ ഒഴിവാക്കി മറ്റു റോഡുകൾ പൊലീസ് അടച്ചുകെട്ടി. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളൊഴികെ മ​റ്റെല്ലാ വ്യാപാരസ്ഥാപനങ്ങളും പൊലീസിന്റെ നിരീക്ഷണത്തിലാണ്. മണ്ണൂർ, നെല്ലാട്, മഴുവന്നൂർ എന്നീ പ്രധാന ജംഗ്ഷനുകളിൽ നിരീക്ഷണം ശക്തമാക്കി. ഒരു ബൈക്കും രണ്ട് ജീപ്പും സ്ഥിരം പട്രോളിംഗിലാണ്. രണ്ടാഴ്ചകൊണ്ട് പോസി​റ്റീവ് നിരക്ക് 80 ശതമാനത്തോളം കുറയ്ക്കാനാവുമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൂട്ടൽ.