കൊച്ചി: കൊവിഡ്‌ബാധിതർക്കും ക്വാറന്റൈയിനിലുള്ളവർക്കും കോർപ്പറേഷൻ ഭക്ഷണം വിതരണം ചെയ്തുതുടങ്ങി. ടി.ഡി.എം. ഹാളിൽ നിന്ന് ഭക്ഷണവിതരണം ആരംഭിച്ചു. ഓരോ ഡിവിഷനിലെയും ആശാവർക്കർ,ആരോഗ്യപ്രവർത്തകർ, ജാഗ്രതാ സമിതികൾ എന്നിവർ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഭക്ഷണം എത്തിക്കുന്നത്. ഭക്ഷണം പാഴാകില്ലെന്ന് ഉറപ്പാക്കിയാണ് വിതരണം നടത്തുന്നതെന്ന് മേയർ അഡ്വ.എം. അനിൽകുമാർ പറഞ്ഞു. ഇന്നലെ മാത്രം 1287 പേർക്കാണ് ഭക്ഷണം നൽകിയത്.
ഉച്ചഭക്ഷണം എല്ലാ ദിവസവും രാവിലെ 11നും രാത്രിഭക്ഷണം വൈകിട്ട് 4നും വിതരണം ചെയ്യാനാണ് തീരുമാനം. ഡിവിഷനുകളിൽ വിതരണം ചെയ്യേണ്ട സ്ഥലങ്ങൾ മുൻകൂട്ടി തിരുമാനിച്ച് കൗൺസിലർമാരുടെ ഉത്തരവാദിത്തത്തിലാണ് ഭക്ഷണം കൈമാറുന്നത്. എറണാകുളം കരയോഗം, നന്മ ഫൗണ്ടേഷൻ പ്രവർത്തകർ, നഗരത്തിലെ ചുമട്ട് തൊഴിലാളികൾ, എന്നിവരുടെ സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി.കെ. അഷറഫ്, ഷീബ ലാൽ, വി.എ. ശ്രീജിത്ത്, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.