cov

കൊച്ചി: ലോക്ക് ഡൗണിന് തുല്യമായ കർശനമായ നിയന്ത്രണങ്ങൾ ഇന്നും നാളെയും ഉറപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു. അവശ്യസർവീസുകൾ ഒഴികെ സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കില്ല. പ്ളസ് ടു ഉൾപ്പെടെ പരീക്ഷകളിൽ പങ്കെടുക്കാൻ സൗകര്യം ഒരുക്കും. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ നടപടി സ്വീകരിക്കും.

ഹോട്ടലുകളിൽ ഇരുത്തി ഭക്ഷണം നൽകാൻ അനുവദിക്കില്ല. പാഴ്സൽ നൽകാൻ രാത്രി 9 വരെ പ്രവർത്തിക്കാൻ അനുമതിയുണ്ട്. അമ്യൂസ്‌മെന്റ് പാർക്കുകൾ, ജിംനേഷ്യങ്ങൾ, സമ്പർക്കമുണ്ടാകുന്ന കായികവിനോദങ്ങൾ, ബീച്ചുകൾ, ബാർ ഹോട്ടലുകൾ എന്നിവയുടെ പ്രവർത്തനം നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. പെ‌ട്രോൾ പമ്പുകൾ പ്രവർത്തിക്കാൻ അനുവദിക്കും.

കൊവിഡ് രോഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് ശനി, ഞായർ ദിവസങ്ങളിലെ അധികനിയന്ത്രണങ്ങൾ പാലിക്കുന്നത് ഉറപ്പാക്കാൻ പൊലീസ് പരിശോധനകൾ ശക്തമാക്കും. സ്വകാര്യ വാഹനങ്ങളിലെ അനാവശ്യ യാത്രകൾക്കെതിരെ നടപടി സ്വീകരിക്കും.

പൊലീസ് നിർദ്ദേശങ്ങൾ

പാൽ, മരുന്നുകൾ, മാദ്ധ്യമങ്ങൾ എന്നിവ ഉൾപ്പെടെ അവശ്യ സർവീസുകളുടെ ഒഴികെ വാഹനങ്ങൾ അനുവദിക്കില്ല

പച്ചക്കറി, പഴം, മെഡിക്കൽ ഷോപ്പുകൾ എന്നിവ മാത്രം തുറന്നുപ്രവർത്തിക്കാം

കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്ത വിവാഹങ്ങൾ അനുവദിക്കും

ജിമ്മുകളും ഇൻഡോർ ഗെയിമുകളും ഉൾപ്പെെ കായികപരിപാടികൾ അനുവദിക്കില്ല

പച്ചക്കറി, മരുന്ന് എന്നിവ ഒഴികെ മുഴുവൻ സൂപ്പർ മാർക്കറ്റുകളും അടച്ചിടണം

അവശ്യസർവീസിലെ ജീവനക്കാർ ഐഡന്റിറ്റി കാർഡ് ധരിക്കുകയും വാഹനത്തിൽ സ്റ്റിക്കർ പതിക്കുകയും ചെയ്യണം

എല്ലാ വാഹനങ്ങളും പൊലീസ് പരിശോധിക്കും

ലംഘിച്ചാൽ കേസ്

സാമൂഹിക അകലം പാലിക്കാതിരിക്കുക, മാസ്‌ക് ധരിക്കാതിരിക്കുക എന്നീ സംഭവങ്ങളിൽ പെറ്റിക്കേസുകൾ രജിസ്റ്റർ ചെയ്യും. കൊവിഡ് പ്രതിരോധം ശകതമാക്കുന്നതിന്റെ ഭാഗമായി പൊലീസ് പട്രോളിംഗ് സംഘങ്ങൾ പൊതുസ്ഥലങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ, പൊതു, സ്വകാര്യ ചടങ്ങുകൾ നടക്കുന്നിടങ്ങൾ എന്നിവിടങ്ങളിൽ നിരീക്ഷണം നടത്തുന്നുണ്ട്.

കർശന പരിശോധന

അവശ്യ സർവീസ് ഒഴികെ എല്ലാ കടകളും അടയ്ക്കണമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് ഉത്തരവിട്ടു. ഹോട്ടലുകൾ, തട്ടുകടകൾ എന്നിവിടങ്ങളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല. പാഴ്‌സൽ വിതരണം മാത്രം. ഹോട്ടലുകൾക്ക് രാത്രി 9 വരെ പ്രവർത്തിക്കാം. കർശന പരിശോധനയുണ്ടാകുമെന്നും കളക്ടർ അറിയിച്ചു.