കുറുപ്പംപടി: കൊവിഡ് വ്യാപനം പഞ്ചായത്തിൽ രൂക്ഷമായ സാഹചര്യത്തിൽ അതിനെ സുരക്ഷിതമായി നേരിടുന്നതിനുവേണ്ടി രായമംഗലം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സർവകക്ഷി യോഗംചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. തീരുമാനങ്ങൾ: പഞ്ചായത്ത് പൂർണമായി ഒരാഴ്ചത്തേക്ക് അടച്ചിടും. വാർഡുതല ജാഗ്രതാസമിതികൾ കൂടി പ്രവർത്തനം ശക്തിപ്പെടുത്തും. സി .എഫ് എൽ .ടി .സി തുടങ്ങും. ആർ ടി പി സി ആർ ടെസ്റ്റുകൾ കൂടുതൽ നടത്തും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെല്പ് ഡെസ്ക് തുടങ്ങും. ഇതുവരെ വാക്സിൻ എടുക്കാത്തവർക്ക് ഹോമിയോ പ്രതിരോധമരുന്ന് വിതരണം ചെയ്യും. മുഴുവൻ വീടുകളിലും ബോധവത്കരണ കുറിപ്പുകൾ വിതരണംചെയ്യും. പൊതു ഇടങ്ങളിൽ കൊവിഡുമായി ബന്ധപ്പെട്ട് വ്യാപകപ്രചാരണം നടത്തും.
തീരുമാനങ്ങളുടെ തുടർനടപടിക്കായി ജില്ലാ കളക്ടർക്ക് കൈമാറി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, ജില്ലാ പഞ്ചായത്ത് മെമ്പർ ഷൈമി വർഗീസ്, പഞ്ചായത്ത് സെക്രട്ടറി എൻ. രവികുമാർ, ഹെൽത്ത് ഇൻസ്പെക്ടർ മധു പീറ്റർ, കുറുപ്പംപടി എസ്.ഐ. സാഗർ, സെക്ടറൽ മജിസ്ട്രേറ്റ് നിധീഷ്ബാബു, ആർ.എം. രാമചന്ദ്രൻ, രാജപ്പൻ തെയ്യാരത്ത്, എൽദോസ് അറക്കൽ, അഡ്വ. വി.ഒ. ജോയ്, ഫാ. മാത്യൂസ് കണ്ടോതറയ്ക്കൽ, പി.ടി. ജ്യോതിഷ്‌കുമാർ, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ബേബി കിളിയായത്ത്, ജയ്സൺ പുല്ലുവഴി, എസ്. മോഹനൻ, ജോയി പൂണേലിൽ, ബിജി പ്രകാശ് എന്നിവർ സംസാരിച്ചു.