കൊച്ചി: സർക്കാരിന്റെ കൊവിഡ് നിയന്ത്രണ പ്രവർത്തനങ്ങൾക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി പൂർണപിന്തുണ പ്രഖ്യാപിച്ചു.
അവ്യക്തതകൾ നിറഞ്ഞ സർക്കാർ ഉത്തരവുകൾമൂലം ഏറ്റവും കൂടുതൽ ക്ലേശം അനുഭവിക്കുന്ന വിഭാഗമാണ് വ്യാപാരികൾ. സർക്കാരിന്റെ ഉത്തരവുകൾ നടപ്പിലാക്കാൻ ബാദ്ധ്യസ്ഥരായ പ്രാദേശിക അധികൃതരോടും ആരോഗ്യപ്രവർത്തകരോടും ആശയവിനിമയം നടത്തി അതത് സ്ഥലങ്ങളിലെ ആശയക്കുഴപ്പങ്ങൾ പരമാവധി പരിഹരിക്കാൻ മുൻകൈയെടുക്കണമെന്ന് കെ.വി.വി.ഇ.എസ്. ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ്, ജനറൽ സെക്രട്ടറി അഡ്വ. എ.ജെ. റിയാസ്, ട്രഷറർ സി.എസ്.അജ്മൽ എന്നിവർ യൂണിറ്റ് ഭാരവാഹികളോട് അഭ്യർത്ഥിച്ചു.
പ്രാദേശിക തലത്തിൽ കൊവിഡ് വ്യാപനത്തോത് അനുസരിച്ചാണ് നിയന്ത്രണങ്ങൾ നടപ്പാക്കുന്നത്. ഏകീകൃത ഉത്തരവോ പൊതുമാനദണ്ഡമോ നടപ്പാക്കാൻ കഴിയാത്ത അസ്ഥയിലാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ. രാജ്യത്തിന്റെ പൊതുഘടന അടിസ്ഥാനമാക്കി ദേശീയതലത്തിൽ കൊവിഡ് നിയന്ത്രണങ്ങൾക്ക് മാനദണ്ഡങ്ങൾ രൂപീകരിക്കുന്നുണ്ടെങ്കിലും സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾ അനുസരിച്ച് മാറ്റങ്ങൾ വേണ്ടിവരുന്നുണ്ട്. ഇത്തരം മാറ്റങ്ങൾ പ്രാദേശികതലങ്ങളിലെ വ്യാപാരികളുടെ ജീവിതസാഹചര്യങ്ങളും തൊഴിൽപ്രത്യേകതകളും കണക്കിലെടുത്ത് നടപ്പാക്കാൻ ഏകോപനസമിതി യൂണിറ്റ് ഭാരവാഹികളെക്കൂടി അധികാരികൾ വിശ്വാസത്തിലെടുക്കണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
സംസ്ഥാനം കൊവിഡ് വിമുക്തമാക്കുന്നതിന് വ്യാപാരികൾ പ്രതിജ്ഞാബദ്ധരാണ്. ഇതിനായി ആരോഗ്യവകുപ്പ്, തദ്ദേശസ്വയംഭരണം, പൊലീസ് അധികാരികളോട് വ്യാപാരിസമൂഹം നിരന്തരം ആശയവിനിമയം നടത്തും. പ്രാദേശികതലത്തിൽ പരിഹരിക്കാൻ കഴിയാത്ത ആശയക്കുഴപ്പങ്ങളോ സംശയങ്ങളോ ഉണ്ടായാൽ യൂണിറ്റ് ഭാരവാഹികൾക്ക് ജില്ലാ കമ്മിറ്റിയേയോ സംസ്ഥാന കമ്മിറ്റിയേയോ സമീപിക്കാമെന്നും പി.സി. ജേക്കബ് അറിയിച്ചു.