തൃക്കാക്കര: കൊവിഡ് വാക്സിനേഷൻ ഓൺലൈൻ രജിസ്‌ട്രേഷൻ ഇന്നലെ രാവിലെ മുതൽ പുനരാരംഭിച്ചു. എറണാകുളം ജില്ലയിൽ ഓൺലൈനിൽ വാക്സിനേഷൻ എടുക്കേണ്ട തീയതി ബുക്കുചെയ്യാനാവില്ലെന്ന് കേരളകൗമുദി ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. ആരോഗ്യവകുപ്പിന്റെ ഓൺലൈൻ പോർട്ടലായ https://selfregistration.cowin.gov.in/ സൈറ്റിൽ കയറിയാൽ മൊബൈൽനമ്പർ കൊടുക്കണം. തുടർന്ന് ലഭിക്കുന്ന ഒ.ടി.പി അടിച്ചുകൊടുക്കണം. താമസിക്കുന്ന പ്രദേശത്തിന്റെ പിൻകോഡ് അടിക്കുമ്പോഴാണ് വാക്സിൻ എടുക്കേണ്ട തീയതി തിരഞ്ഞെടുക്കാനാവുക.
വാക്സിൻ എടുക്കേണ്ട തീയതികൾ ഒന്നും ലഭ്യമല്ലെന്നാണ് കഴിഞ്ഞദിവസം മറുപടി നൽകിയിരുന്നത്.
മുൻപ് ആശുപത്രികളിൽ സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരുന്നു. ക്യൂ ഒഴിവാക്കാൻ ആരോഗ്യവിഭാഗം ഓൺലൈനിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമേ കൊവിഡ് വാക്സിനേഷൻ സെന്ററുകളിൽ മരുന്ന് നൽകൂവെന്ന നിലപാട് സ്വീകരിച്ചതോടെയാണ് ജനങ്ങൾക്ക് ഓൺലൈൻ സെന്ററുകളെ ആശ്രയിക്കേണ്ടിവന്നത്.