കൊച്ചി: കൊച്ചി സ്മാർട്ട്സിറ്റി മിഷൻ ലിമിറ്റഡിന്റെ (സി.എസ്.എം.എൽ) സ്മാർട്ട് റോഡ് വികസന പദ്ധതിയുടെ ഭാഗമായി ബാനർജി റോഡിൽ നവീകരണ പ്രവർത്തനങ്ങൾ തുടങ്ങുന്നു. ഇന്ന് പുലർച്ചെ ആറുമുതൽ തിങ്കളാഴ്ച വരെ നിർമ്മാണ ജോലികൾ നടക്കുന്നതിനാൽ ഈ ദിവസങ്ങളിൽ ഹൈക്കോടതി ജംഗ്ഷൻ മുതൽ കച്ചേരിപ്പടി വരെ ഗതാഗത നിയന്ത്രണമുണ്ടാവുമെന്ന് സി.എസ്.എം.എൽ അറിയിച്ചു. റാണിമാതാ, കുട്ടപ്പായി റോഡുകളിലെ ക്രോസ് കൽവെർട്ടുകളുടെ നിർമ്മാണമാണ് നടക്കുന്നത്. കനാലുകളുടെ പരസ്പരബന്ധനം ഉറപ്പുവരുത്തുന്നതിനും വെള്ളക്കെട്ട് തടയാനും ലക്ഷ്യമിട്ടാണ് നവീകരണ പ്രവർത്തനങ്ങൾ.