പള്ളുരുത്തി: ഇന്നലെയും കുമ്പളങ്ങിയിൽ യുവതിയുടെ സ്വർണമാല പൊട്ടിക്കാൻ ശ്രമംനടന്നു. കുമ്പളങ്ങി സ്വദേശിനി നിമിഷയുടെ മാലയാണ് പൊട്ടിക്കാൻ ശ്രമം നടന്നത്. ഇന്നലെ രാവിലെ 11 മണിയോടെ കമ്പർഷൻ മുക്കിലാണ് സംഭവം. കടയിൽ പോകാൻ റോഡ് മുറിച്ചുകടക്കവേ ബൈക്കിൽ എത്തിയ രണ്ട് പേരാണ് ശ്രമം നടത്തിയത്. ഇരുവരും ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ല.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 3 വീട്ടമ്മമാരുടെ സ്വർണമാല ഇതിനോടകം കവർന്നു. ആരെയും അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഭവങ്ങളെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ മോഷ്ടാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കുകൾ കടവന്ത്ര, കാക്കനാട് ഭാഗത്തു നിന്നും മോഷണം പോയതാണെന്ന് കണ്ടെത്തി. നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് മോഷ്ടാക്കളെ പിടികൂടാനുള്ള ശ്രമത്തിലാണ്. എന്നാൽ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും ഉടനെ ഇവർ വലയിലാകുമെന്നും പൊലീസ് പറയുന്നു.