പള്ളുരുത്തി: ഇന്നും നാളെയും ലോക്ക് ഡൗണിന് സമാനമായ സാഹചര്യമായതിനാലും മദ്യവില്പനശാലകൾക്ക് അവധിയായതിനാലും ഇന്നലെ ബിവറേജസ് ഒൗട്ട്ലെറ്റുകൾക്ക് മുന്നിൽ വൻനിരയായിരുന്നു. പള്ളുരുത്തി, തോപ്പുംപടി, ഫോർട്ടുകൊച്ചി തുടങ്ങിയ സ്ഥലങ്ങളിലാണ് ക്യൂ ഒരു കിലോമീറ്ററോളം നീണ്ടത്. പലേടത്തും ഗതാഗതത്തിനും തടസമുണ്ടായി. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പലരും ക്യൂവിൽ നിന്നത്. ഇവിടങ്ങളിലേക്ക് പൊലീസും തിരിഞ്ഞുനോക്കിയില്ല.
പല ഒൗട്ട് ലെറ്റുകളിലും ജീവനക്കാർ കുറവായതിനാൽ കൗണ്ടറുകൾ വെട്ടിക്കുറച്ചത് മദ്യംവാങ്ങാനെത്തിയവരെ വലച്ചു. വില്പനസമയം വെട്ടിക്കുറച്ചതും പാരയായി.
കളമശേരി: സീപോർട്ട് - എയർപോർട്ട് റോഡിൽ പൂജാരിപ്പടിക്കു സമീപമുള്ള ബിവറേജസ് കോർപ്പറേഷന്റെ ഔട്ട് ലെറ്റിനുമുന്നിൽ ഇന്നലെ പൂരത്തിരക്കായിരുന്നു. അച്ചടക്കത്തോടെയാണ് നിൽപ്പെങ്കിലും ഇടക്കിടയ്ക്ക് സാമൂഹ്യഅകലം കാറ്റിൽ പറത്തും. ഉടനെ നാട്ടുകാർ പൊലീസിനെ അറിയിക്കും. പൊലീസെത്തി താക്കീത് നൽകി പൊയ്ക്കഴിഞ്ഞാൽ വീണ്ടും പഴയപടി. ഇങ്ങനെ പലതവണ ഇവിടെ പൊലീസിന് സ്ഥലത്തെത്തേണ്ടിവന്നു.