mahesh

ചോറ്റാനിക്കര:ചോറ്റാനിക്കരയിലെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ തൃശൂർ പാവറട്ടി മണപ്പാട്ട് വെളുത്തേടത്ത് വീട്ടിൽ മഹേഷിന്റെ ( 41)മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം നടത്തും. കൊവിഡ് പരിശോധനാഫലം വൈകിയതിനെത്തുടർന്നാണ് പോസ്റ്റ്മോർട്ടം വൈകിയത്.

തൃശൂർ കുട്ടനെല്ലൂരിൽ വച്ച് മൂവാറ്റുപുഴ വലിയകുളങ്ങര വീട്ടിൽ കെ.എസ്. ജോസി​ന്റെ മകൾ ഡോ. സോനയെ അവരുടെ സ്വന്തം ക്ളി​നി​ക്കി​ൽ വച്ച് പി​താവി​ന്റെ മുന്നി​ൽ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് മഹേഷ്. 2020 സെപ്തംബർ 29നായി​രുന്നു സംഭവം.

ഈ കേസിൽ അറസ്റ്റിലായ ഇയാൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും സുപ്രീം കോടതി റദ്ദാക്കി. പിന്നീട് ഒളിവിലായി​രുന്നു. സോനയുമായി​ മഹേഷി​ന് സാമ്പത്തി​ക ഇടപാടുകൾ ഉണ്ടായി​രുന്നു. മഹേഷി​നെതി​രെ സോന ഒല്ലൂർ പൊലീസി​ൽ പരാതി​യും നൽകി​യി​രുന്നു. ഇതേത്തുടർന്നുള്ള തർക്കങ്ങളാണ് കൊലയി​ൽ കലാശി​ച്ചത്.

കഴിഞ്ഞ 20നാണ് ഇയാൾ ചോറ്റാനിക്കരയിലെ ലോഡ്ജിൽ മുറിയെടുത്തത്. മുറി​യി​ൽ നി​ന്ന് പുറത്തി​റങ്ങാത്തതി​നെ തുടർന്ന് വ്യാഴാഴ്ച ലോഡ്ജ് ജീവനക്കാർ അറി​യി​ച്ചതനുസരിച്ച് പൊലീസ് മുറി​ തുറന്ന് നോക്കി​യപ്പോഴാണ് മൃതദേഹം കണ്ടത്. മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. ചോറ്റാനിക്കര പൊലീസാണ് കേസ് അന്വേേഷിക്കുന്നത്.