pic
കൊച്ചി -മധുര ദേശിയപാതയിൽ നെല്ലിമറ്റത്തിനടുത്തു അനധികൃത ലോഡിംഗ് നടക്കുന്നു

കോതമംഗലം: കൊച്ചി-ധനുഷ്ക്കോടി ദേശീയപാതയിൽ നെല്ലിമറ്റം ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ യാത്രാ തടസം സൃഷ്ടിച്ച് തടി ലോഡിംഗ്.റോഡിനിരുവശവുമായി ലോറികളിൽ തടികൾ കയറ്റുന്നത് സഞ്ചാരതടസം സൃഷ്ടിക്കുകയാണ്. സ്ത്രീകളുൾപ്പെടെയുള്ള വഴിയാത്രക്കാർ റോഡിലേക്ക് കയറി നടക്കേണ്ട അവസ്ഥയിലാണ്. ഈ പ്രദേശത്ത് കൂടി കടന്നു പോകുന്ന വാഹനങ്ങൾ ഇരുവശത്തും വലിയ ലോറികളും മറ്റും തടി കയറ്റുവാനും ഇറക്കുവാനും തിരിക്കുമ്പോഴെല്ലാം ഗതാഗത തടസത്തിനു കാരണമാകുന്നു.

അപകടങ്ങൾക്ക് വഴിവെയ്ക്കുന്നു

ഊന്നുകല്ലിലെ ഹോട്ടലുടമ രണ്ട് വർഷം മുൻപ് ഈ സ്ഥലത്ത് വച്ച് വാഹനാപകടത്തിൽ മരിച്ചത്. ഇതുൾപ്പെടെ നിരവധി അപകടങ്ങൾ ഇവിടെ പതിവാണ്.കോട്ടപ്പാടം, കണ്ണാടിക്കോട് ഭാഗത്ത് നിന്ന് ഹൈവേയിൽ പ്രവേശിക്കേണ്ട വാഹനങ്ങൾക്ക് കിഴക്ക് ഭാഗത്ത് നിന്ന് വേഗതയിൽ വരുന്ന വാഹനങ്ങൾ ഭീമൻ ലോറികൾ കിടക്കുന്നതുമൂലം കാണാൻ കഴിയാത്തത് അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നു.

പരാതി നൽകും

എത്രയും പെട്ടെന്ന് തടി ലോഡ് കയറ്റുന്നത് മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിലെങ്കിൽ ദേശീയപാത അതോറിറ്റിക്കും പഞ്ചായത്ത് അധികാരികൾക്കും ട്രാഫിക് പൊലീസിനും പരാതി നൽകുമെന്ന് നാട്ടുകാർ പറഞ്ഞു.