കൊച്ചി: കൃഷിഭവനുകളിലും ഫാമുകളിലും വിത്തുകൾ എത്തിക്കാനുള്ള വാഹനവാടക നിശ്ചയിക്കാൻ ഗൂഗിൾ മാപ്പിന്റെ അടിസ്ഥാനത്തിൽ ദൂരം കണക്കാക്കാനുള്ള കൃഷി വകുപ്പ് അഡിഷണൽ ഡയറക്ടറുടെയും സംസ്ഥാന വിത്തു വികസന അതോറിട്ടിയുടെയും ഉത്തരവുകൾ ഹൈക്കോടതി റദ്ദാക്കി. കരാറുകാരനു നൽകാനുള്ള അധികത്തുകയായ 20.68 ലക്ഷം രൂപ ഒരുമാസത്തിനകം നൽകാനും ജസ്റ്റിസ് എൻ. നഗരേഷ് ഉത്തരവിട്ടു.
ഗൂഗിൾമാപ്പിലൂടെ ദൂരം നിർണയിച്ച് വാഹനവാടക നിശ്ചയിച്ചതിനെതിരെ കരാറുകാരൻ തൃശൂർ അന്തിക്കാട് സ്വദേശി എം.വി. രാമചന്ദ്രൻ നൽകിയ ഹർജിയിലാണ് വിധി. 2015 - 2016 ലാണ് വിത്തുവികസന അതോറിട്ടിയിൽ നിന്ന് വിവിധ കൃഷി ഭവനുകളിലേക്കും ഫാമുകളിലേക്കും വിത്തുകൾ എത്തിക്കാൻ ഹർജിക്കാരൻ കരാറെടുത്തത്. കരാറിന്റെ കാലവധി പിന്നീടു നീട്ടുകയും ചെയ്തു. വാഹനവാടകയായി 1.45 കോടി രൂപയുടെ ബിൽ നൽകിയപ്പോൾ 1. 25കോടി രൂപ മാത്രമാണ് അനുവദിച്ചത്. ഇതിനെതിരെ പരാതി നൽകിയപ്പോൾ വിത്തുകൾ എത്തിച്ച കേന്ദ്രങ്ങളിലേക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം ഇന്റർനെറ്റിലും ഗൂഗിൾ മാപ്പിലുമായി പരിശോധിച്ചാണ് തുക നിശ്ചയിച്ചതെന്നായിരുന്നു വിശദീകരണം. തുടർന്നാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. 2015 - 2016 ൽ കരാറുണ്ടാക്കുമ്പോൾ ഗൂഗിൾ മാപ്പിലൂടെയോ ഇന്റർനെറ്റിലൂടെയോ ദൂരം നിശ്ചയിക്കുമെന്നു പറഞ്ഞിരുന്നില്ലെന്ന ഹർജിക്കാരന്റെ വാദം സിംഗിൾബെഞ്ച് അംഗീകരിച്ചു.