കൊച്ചി: കൊവിഡ് സാഹചര്യത്തിൽ സർക്കാരും ജില്ലാ ഭരണകൂടങ്ങളും നിശ്ചയിക്കുന്ന നിയന്ത്രണങ്ങൾ പാലിച്ചും ജനപങ്കാളിത്തം നിയന്ത്രിച്ചും ദേവാലയങ്ങളിൽ ആരാധനകൾ നടത്തണമെന്ന് കേരള കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി) നിർദ്ദേശം നൽകി. ശുശ്രൂഷകളിൽ അതീവജാഗ്രത പാലിക്കണം. രണ്ടാം വ്യാപനം തടയാൻ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നടപടികളെ പിന്തുണയ്ക്കുമെന്ന് കെ.സി.ബി.സി പ്രസിഡന്റ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി അറിയിച്ചു.
സഭയുടെ കീഴിലെ ആശുപത്രികൾ കൊവിഡ് രോഗികളെ പരിചരിക്കുന്നുണ്ട്. വ്യാപനം വർദ്ധിച്ചതിനാൽ സർക്കാർ നിർദ്ദേശപ്രകാരം കൂടുതൽ ചികിത്സാസൗകര്യം ലഭ്യമാക്കും.
മഹാമാരിയെ അതിജീവിക്കാൻ ഭാരതീയ കത്തോലിക്കാ മെത്രാൻ സമിതിയുടെ ആഹ്വാനപ്രകാരം മേയ് ഏഴ് പ്രാർത്ഥനാദിനമായി ആചരിക്കും. കൊവിഡ് പ്രതിരോധത്തിൽ ഏർപ്പെട്ടിരിക്കുന്ന കെ.സി.ബി.സി ഹെൽത്ത് കമ്മിഷനെയും കേരള സോഷ്യൽ സർവീസ് ഫോറത്തെയും കർദ്ദിനാൾ അഭിനന്ദിച്ചു.