കളമശേരി: കൊവിഡ് കരുതലിനോടനുബന്ധിച്ച് ഇന്നലെ ഏലൂർ, കളമശേരി നഗരസഭകളിൽ ഹർത്താലിന്റെ പ്രതീതിയായിരുന്നു. ജനങ്ങളിൽ ഭൂരിഭാഗവും വീടുകളിൽ കഴിഞ്ഞു. നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ പൊലീസ് കർശന നടപടികളുമായി രംഗത്തുണ്ടായിരുന്നു. ദേശീയപാതയിൽ ബാരിക്കേഡുകൾ വച്ചായിരുന്നു വാഹനപരിശോധന. മാസ്ക് ധരിക്കാതെവന്ന കാർ യാത്രക്കാർ, ഹെൽമെറ്റ് വച്ച് മാസ്ക് ധരിക്കാതെവന്ന ഇരുചക്രവാഹനക്കാർ എന്നിവർക്കെല്ലാം പിഴയിട്ടു. സത്യപ്രസ്താവന ഇല്ലാത്തവരെയും മടക്കിഅയച്ചു. പുറത്ത് എന്തുനടക്കുന്നുവെന്നറിയാൻ കറങ്ങി നടന്നവരെ പൊലീസ് വിരട്ടിഓടിച്ചു.
കടകമ്പോളങ്ങൾ പൊതുവെ അടഞ്ഞുകിടന്നു. ഓട്ടമില്ലാത്തതിനാൽ ടാക്സി, ഓട്ടോറിക്ഷക്കാർ ഉച്ചയോടെ സ്റ്റാൻഡുവിട്ടു. പൊതിച്ചോർ പ്രതീക്ഷിച്ച് തെരുവോരങ്ങളിൽ കാത്തുനിന്നവർ നിരാശരായി. കോഴിയിറച്ചിക്ക് ഇന്നലെ 98 രൂപയായി കുറഞ്ഞതിനാൽ കോഴിക്കടയ്ക്ക് മുന്നിൽ കൂട്ടംകൂടിയ അന്യസംസ്ഥാനതൊഴിലാളികളെ താക്കീതുനൽകി വിട്ടു.
കളമശേരി ഇൻഡസ്ട്രിയൽ ഏരിയയിൽ ജോലിക്ക് കയറിയവരെ ജോലിസമയം കഴിയാതെ പുറത്തേക്ക് വിട്ടില്ല. ഭക്ഷണം കമ്പനിയിൽ തന്നെ ഏർപ്പാടാക്കി. പൊരിവെയിലിൽ വിശ്രമമില്ലാതെ ജോലിചെയ്യുന്ന സേനാംഗങ്ങൾക്ക് പൊതുപ്രവർത്തകരും ജനപ്രതിനിധികളും ഭക്ഷണവും വെള്ളളവുമെത്തിച്ചു.
ഏലൂർ, മഞ്ഞുമ്മൽ, പാതാളം, വടക്കുംഭാഗം, കുറ്റിക്കാട്ടുകര, ഫാക്ട് ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ പൊലീസിന്റെ കർശന പരിശോധനയുണ്ടായിരുന്നു. ഫാക്ടിൽ ഓഫീസ് ജീവനക്കാർക്ക് അവധിയായിരുന്നു. ഉത്പാദന യൂണിറ്റുകൾ പ്രവർത്തിച്ചു. എച്ച്.ഐ.എൽ, ഐ.ആർ.ഇ, ടി.സി.സി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങൾ സാധാരണപോലെ പ്രവർത്തിച്ചു.
മഞ്ഞുമ്മൽ റഗുലേറ്റർ കം ബ്രിഡ്ജ്, മുട്ടാർപുഴ തുടങ്ങിയ സ്ഥലങ്ങളിൽ അവധി ആഘോഷിച്ച് ചൂണ്ടയിടാനെത്തിയവരെ പൊലീസ് വിരട്ടിഓടിച്ചു.