കൊച്ചി: ഏഴ് വയസുകാരന്റെ ശ്വാസകോശത്തിൽ ഒരു മാസത്തിലധികമായി കുടുങ്ങിക്കിടന്നിരുന്ന പേനയുടെ അഗ്രഭാഗം ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്തു. ശ്വാസകോശത്തിൽ പേനയുടെ ഭാഗം കുടുങ്ങിയിത് മാതാപിതാക്കൾ പോലും അറിഞ്ഞിരുന്നില്ല. വിട്ടുമാറാത്ത ചുമയുമായി എത്തിയ കുട്ടിയിൽ നിന്ന് രാജഗിരി ആശുപത്രിയിലെ ഡോക്ടർമാരാണ് ടോപ്പ് പുറത്തെടുത്തത്.
ഇടുക്കി സ്വദേശി ആനന്ദ് സന്തോഗിനെ പരിസരത്തെ സ്വകാര്യ ആശുപത്രിയിൽ പരിശോധിച്ചിരുന്നു. ദിവസങ്ങൾക്ക് കഴിഞ്ഞിട്ടും ചുമ വിട്ടുമാറാത്തതിനെ തുടർന്നാണ് ആലുവ രാജഗിരി ആശുപത്രിയിലെ ശ്വാസകോശ ചികിത്സാ വിഭാഗം തലവൻ ഡോ. വി. രാജേഷിനെ കാണാനെത്തിയത്.
എക്‌സ്‌റേയിൽ സംശയം തോന്നിയ ഡോക്ടർ നെഞ്ചിന്റെ സി.ടി. സ്‌കാൻ പരിശോധിച്ചപ്പോൾ ഇടത്തെ ശ്വാസകോശത്തിൽ ഏതോ വസ്തു കുടുങ്ങിയത് കണ്ടെത്തി. പീഡിയാട്രിക് സർജറി വിഭാഗത്തിലെ ഡോ. അഹമ്മദ് കബീറിന്റെ നേതൃത്വത്തിൽ വസ്തു പുറത്തെടുക്കാൻ ശ്രമമാരംഭിച്ചു. കുടുങ്ങിക്കിടന്നിരുന്ന വസ്തുവിന്റെ ആകൃതിയും സ്ഥാനവും സാധാരണ ബ്രോങ്കോസ് കോപിയിലൂടെ പുറത്തെടുക്കുവാനുള്ള സാദ്ധ്യത ഇല്ലാതാക്കി. സങ്കീർണമായ റിജിഡ് ബ്രോങ്കോസ്‌കോപിയിലൂടെ പുറത്തെടുക്കാൻ ഡോ. അഹമ്മദ് കബീർ തീരുമാനിച്ചു. മുപ്പത് മിനിട്ടിനുള്ളിൽ ശ്വാസകോശത്തിൽ കുടുങ്ങിയ പേനയുടെ ഭാഗം പുറത്തെടുത്തതായി ആശുപത്രി എക്‌സിക്യുട്ടിവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി പറഞ്ഞു. അനസ്‌തേഷ്യാ വിഭാഗം മേധാവി ഡോ. സച്ചിൻ ജോർജ്, ഡോ. ശില്പാ ജോസ് എന്നിവരും ചികിത്സയിൽ പങ്കാളികളായി.