high-court

കൊച്ചി: നിയമത്തിന്റെ പിൻബലമില്ലാതെ സർക്കാരിന്റെ ഉത്തരവിലൂടെ വ്യവസായശാലകൾ വെള്ളക്കരം അടയ്‌ക്കണമെന്ന് നിർദ്ദേശിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. നദികളിൽ നിന്ന് ജലമെടുക്കുന്നതിനാൽ വെള്ളക്കരം അടയ്ക്കണമെന്ന് വ്യക്തമാക്കി മൂന്നു വ്യവസായ സ്ഥാപനങ്ങൾക്ക് ഇറിഗേഷൻ വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനിയർ നൽകിയ നോട്ടീസുകൾ റദ്ദാക്കിയാണ് ജസ്റ്റിസ് എൻ. നഗരേഷ് ഇക്കാര്യം വ്യക്തമാക്കിയത്. കൊച്ചിയിലെ ശ്രീശക്തി പേപ്പർ മില്ലിന് 78.42 ലക്ഷം രൂപയും കോട്ടയം വടവാതൂരിലെ എം.ആർ.എഫ് കമ്പനിക്ക് 55.34 ലക്ഷം രൂപയും അടയ്ക്കാനാണ് നോട്ടീസ് നൽകിയത്. ഫാക്ടിന് വെള്ളക്കരം ചുമത്താനായി ജലവിനിയോഗത്തിന്റെ കണക്ക് ഹാജരാക്കാനും നിർദ്ദേശിച്ചിരുന്നു. എക്‌സിക്യൂട്ടീവ് എൻജിനിയർ നൽകിയ നോട്ടീസുകൾക്കെതിരെ ഇൗ കമ്പനികൾ നൽകിയ ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്.

വെള്ളക്കരം ഇൗടാക്കാത്തതിനാൽ പ്രതിദിനം 77,000 രൂപയുടെ നഷ്ടം സംഭവിക്കുന്നുണ്ടെന്ന ആഡിറ്റ് റിപ്പോർട്ടിനെത്തുടർന്ന് 2009 മേയ് രണ്ടിന് വെള്ളക്കരം പിരിക്കാൻ തീരുമാനിച്ച് ജലവിഭവ വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് വ്യവസായശാലകൾക്ക് നോട്ടീസ് നൽകിയത്.

നിയമത്തിൽ വ്യവസ്ഥയില്ലാതെ ഭരണപരമായ ഉത്തരവിലൂടെ വെള്ളക്കരം ഇൗടാക്കാൻ കഴിയില്ലെന്ന കമ്പനികളുടെ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.