ആലുവ: കൊവിഡ് വ്യാപനത്തെ തുടർന്ന് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുള്ള കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽ രണ്ട് കൊവിഡ് ബാധിതർ മരണത്തിന് കീഴടങ്ങി. മുപ്പത്തടം നീലമന ഇല്ലത്ത് കേശവൻ നമ്പൂതിരി (60) ഇന്നലെ പുലർച്ചെ കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചു.
വിവിധ ക്ഷേത്രങ്ങളിൽ താത്കാലിക പൂജാരിയായി ജോലി ചെയ്യുന്ന കേശവൻ നമ്പൂതിരി പ്രമേഹം, രക്തസമ്മർദ്ദം എന്നീ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. ഇതിനിടെയാണ് ആറ് ദിവസം മുമ്പ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് മാനദണ്ഡംപാലിച്ച് ചേരാനല്ലൂർ പൊതുശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു.
ഭാര്യ: കുമാരി (റിട്ട. അദ്ധ്യാപിക). മക്കൾ: ജയശങ്കർ, ശ്രീജ മോൾ. മരുമകൻ: ശരത് നമ്പൂതിരി.
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കടേപ്പിളളി മാനോലിൽ വീട്ടിൽ യാം പ്രസാദ് സുബേദിയുടെ ഭാര്യ ഉമാ പ്രസാദ് സുബേദി (60)യാണ് ഇന്നലെ മരിച്ച രണ്ടാമത്തെയാൾ. സംസ്‌കാരം എടയാർ പഞ്ചായത്ത് ശ്മശാനത്തിൽ കൊവിഡ് മാനദണ്ഡംപാലിച്ച് നടന്നു.
മക്കൾ: രമേശ് സുബേദി, പാർവതി സുബേദി. മരുമക്കൾ: ബീന, ബൽറാം.