kevin-kariyatty
കെവിൻ കരിയാട്ടി

#മൃതദേഹം എത്തുന്നത് ഒരു മാസത്തിന് ശേഷം

ആലുവ: ആസ്‌ട്രേലിയയിലെ പെർത്തിൽ സുഹൃത്തിനൊപ്പം കടലിൽ നീന്തുന്നതിനിടെ മുങ്ങിമരിച്ച ആലുവ ഈസ്റ്റ് കടുങ്ങല്ലൂർ കരിയാട്ടി കുര്യന്റെ മകൻ കെവിൻ കരിയാട്ടി (33)യുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. രാവിലെ 9.30 ഓടെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ മൃതദേഹം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒന്നര വർഷം മുമ്പാണ് പെർത്തിൽ ജൂണ്ടലപ് എഡിത് കൊവാൻ യൂണിവേഴ്‌സിറ്റി (ഇ.സി.യു)യിൽ പ്രോജ്ര്രട് മാനേജ്‌മെന്റ് കോഴ്‌സിനായി കെവിൻ എത്തിയത്. വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ പെർത്ത് നഗരത്തിന് സമീപം കൂജി ബീച്ചിൽ മാർച്ച് 23ന് മലയാളി സുഹൃത്തിനൊപ്പം നീന്താനിറങ്ങിയപ്പോഴാണ് അപകടം. വെള്ളത്തിൽ മുങ്ങിത്താണ കെവിനെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി ഫിയോന സ്റ്റാൻലി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിയമനടപടികൾ പൂർത്തിയാക്കി ഒരു മാസത്തിന് ശേഷമാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്. 11 മണിയോടെ ആലങ്ങാട് കുന്നേൽ പള്ളി സെമിത്തേരിയിൽ സംസ്‌കാരം നടത്തും.
മാഡിങ്ടൺ ഹോളി ഫാമിലി പള്ളിയിൽ വെള്ളിയാഴ്ച വിശുദ്ധ കുർബാന നടന്നു. ഏറെ കടമ്പകൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം നാട്ടിലെത്തിക്കാൻ കഴിഞ്ഞത്. മാതാവ്: സിൽവി. ഭാര്യ: ഇരിങ്ങാലക്കുട ചിറയത്ത് കുടുംബാംഗം അമുല്യ. മകൻ: കെൻ കെവിൻ. സഹോദരങ്ങൾ: പോൾ കരിയാട്ടി, ടീന.