കോലഞ്ചേരി: കൊവിഡ് വ്യാപനം ശക്തമായതോടെ തട്ടുകടക്കാരുടെ ജീവിതം എട്ടു നിലയിൽ പൊട്ടി. ഇനി മുന്നോട്ടുള്ള ജീവിതം എങ്ങനെ എന്നറിയാത്ത അവസ്ഥയിലാണിവർ. നേരത്തെ ലോക്ക് ഡൗൺ കാലത്തുണ്ടായതിലും കഷ്ടമാണ് ഇപ്പോഴുള്ള അവസ്ഥ. വിവിധ ആവശ്യങ്ങൾക്കായി എടുത്ത ലോണുകൾ ഒന്നിനു പിന്നാലെ ഒന്നായി ബാങ്കുകളിലെത്തി ചെക്ക് മടങ്ങുകയാണ്. ലോക്ക് ഡൗൺ കാലത്ത് ഇളവ് ലഭിച്ചിരുന്നതിനാൽ അത്തരമൊരു ബുദ്ധിമുട്ടുണ്ടായില്ല. അത്യാവശ്യം കട ബാദ്ധ്യതകൾ തീർത്തു വരുമ്പോഴാണ് ഇടിത്തീ പോലെ കൊവിഡ് വീണ്ടും പിടിമുറുക്കിയത്. കട്ടൻ ചായ മുതൽ ചിക്കൻ ബിരിയാണിയും, കുഴിമന്തിയും തനത് നാടൻ ആഹാരങ്ങൾ വരെ വിളമ്പുന്ന തട്ടുകടകൾ അങ്ങ് പാറശാല മുതൽ മഞ്ചേശ്വരം വരെയുണ്ട്. വൈകിട്ട് 9 വരെ പാഴ്‌സൽ നൽകാമെന്ന തീരുമാനവും തട്ടുകടക്കാർക്ക് ആശ്വാസമായില്ല. പാഴ്‌സൽ പോകുന്ന പതിവും തട്ടു കടകൾക്ക് പണ്ടേ കുറവാണ്. വൈകിട്ട് 7 മുതൽ തുടങ്ങി പാതി രാത്രി വരെ സാധാരണക്കാരന് ആശ്രയിക്കാവുന്ന ഫൈവ് സ്റ്റാർ വിഭവങ്ങൾ വരെ വിളമ്പുന്നവരായിരുന്നു ഇവർ. എന്നാൽ കൊവിഡ് നിയന്ത്റണങ്ങൾ തട്ടു കടകളുടെ ചരമ ഗീതമെഴുതി.
കടകൾക്ക് പൂട്ടുവീണതോടെ കച്ചവടക്കാരുടെ കാര്യമാണ് കഷ്ടം.വരുമാനം നിലച്ചതോടെ വഴിയറിയാതെ നിൽക്കുകയാണെന്ന് കോലഞ്ചേരി പുതുപ്പനത്ത് തട്ടുകട നടത്തുന്ന അഞ്ചംഗ സംഘം പറയുന്നു. ഷാപ്പുകളിലെ 'ഷെഫാ'യിരുന്നവരുടെ കൂട്ടായ്മയായിരുന്നു ഇവിടെ.വൈകിട്ട് ആറു മുതൽ രാത്രി 12 വരെയായിരുന്നു കച്ചവടം.വീട്ടിലുണ്ടാക്കുന്ന വിഭവങ്ങൾ കടയിലെത്തിച്ച് വിൽക്കുകയായിരുന്നു പതിവ്. എല്ലാവരും കൂടി അദ്ധ്വാനിച്ചാലും ദിവസം 3500 രൂപ വരെ ലാഭം കിട്ടിയിരുന്നു.