നെടുമ്പാശേരി: സ്വന്തമായി വീടില്ലാത്തതും പെൺമക്കൾ മാത്രമുള്ളതുമായ വിധവകൾക്ക് മുൻഗണന നൽകി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന 'ഭവനം സാന്ത്വനം' പദ്ധതിയിലെ ആദ്യ വീടിന്റെ താക്കോൽദാനം സമിതി ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് നിർവഹിച്ചു.
കളമശ്ശേരി സ്വദേശിനി കാൻസർ ബാധിതയായ ജൂലി ജോഷിക്കാണ് ജനസേവ ശിശുഭവൻ സൗജന്യമായി വിട്ടുനൽകിയ സ്ഥലത്ത് വീട് നിർമ്മിച്ചത്. നാല് മാസം മുമ്പ് സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീനാണ് 450 ചതുരശ്ര അടിയുള്ള വീടിന് തറക്കല്ലിട്ടത്. പദ്ധതിയിലേക്ക് നെടുമ്പാശേരി മേഖലാ കമ്മിറ്റിയും വനിതാ വിംഗ് മേഖലാ കമ്മിറ്റിയും ഓരോ ലക്ഷം രൂപ വീതം നൽകി. 7.25 ലക്ഷം രൂപയാണ് ആകെ നിർമ്മാണ ചെലവ്. ബാക്കി തുക വനിതാ വിംഗ് ജില്ലാ കമ്മിറ്റി സമാഹരിച്ചു. ജില്ലയിലെ 13 മേഖലകളിലും അർഹതപ്പെട്ടവർക്ക് ഇത്തരത്തിൽ വീട് നിർമ്മിച്ച് നൽകാനാണ് തീരുമാനം.
വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് സുബൈദ നാസർ അദ്ധ്യക്ഷയായിരുന്നു. ജില്ലാ ജനറൽ സെക്രട്ടറി എ.ജെ. റിയാസ് നിർമ്മാണത്തിൽ സഹായിച്ചവരെ ആദരിച്ചു. ട്രഷറർ സി.എസ്. അജ്മൽ, മേഖല പ്രസിഡന്റ് സി.പി. തരിയൻ, കെ.എസ്. നിഷാദ്, കെ.ബി. സജി, ഷാജു സെബാസ്റ്റ്യൻ, സുനിത വിനോദ്, മായ ജേക്കബ്, ജയ പീറ്റർ, ടി.എസ്. മുരളി, കെ.ജെ. പോൾസൺ, ബിന്നി തരിയൻ, ഷാബു വർഗീസ്, ആനി റപ്പായി, ജിന്നി പ്രിൻസ്, ഗിരിജ രഞ്ജൻ എന്നിവർ പ്രസംഗിച്ചു.