കൊച്ചി: സംസ്ഥാനത്ത് ശനി, ഞായർ ദിവസങ്ങളിൽ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ മെമു സർവീസുകൾ താൽക്കാലികമായി റദ്ദാക്കി റെയിൽവേ. യാത്രക്കാരുടെ കുറവ് പരിഗണിച്ച് ഇന്നും അടുത്ത ഞായറാഴ്ചയുമുള്ള എട്ട് പാസഞ്ചർ സർവീസുകളാണ് റദ്ദാക്കിയത്. നിയന്ത്രണം തുടർന്നാൽ കൂടുതൽ സർവീസുകൾ റദ്ദ് ചെയ്‌തേക്കും.
25, മേയ് 2 തീയതികളിൽ റദ്ദാക്കിയ സർവീസുകൾ:
കൊല്ലം ജംഗ്ഷൻ -ആലപ്പുഴ മെമു 06014, ആലപ്പുഴ-കൊല്ലം മെമു 06013, എറണാകുളം ജംഗ്ഷൻ- ആലപ്പുഴ മെമു 06015, ആലപ്പുഴ- എറണാകുളം മെമു 06016, ഷൊർണൂർ ജംഗ്ഷൻ -എറണാകുളം ജംഗ്ഷൻ മെമു 06017, എറണാകുളം -ഷൊർണൂർ മെമു 06018, പുനലൂർ-ഗുരുവായൂർ പ്രതിദിന സ്പെഷ്യൽ 06327, ഗുരുവായൂർ-പുനലൂർ പ്രതിദിന സ്‌പെഷ്യൽ 06328.
ദീർഘദൂര സർവീസുകൾ ആരംഭിച്ചു
കൊവിഡ് വ്യാപന സാഹചര്യത്തിൽ ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ള ദീർഘദൂര യാത്രക്കാരുടെ തിരക്ക് കുറയ്ക്കുന്നതിന് റെയിൽവേ പ്രത്യേകം ഏർപ്പെടുത്തിയ കന്യാകുമാരി - ദിബ്രുഗഡ് സൂപ്പർഫാസ്റ്റ്, എറണാകുളം ജംഗ്ഷൻ - പാറ്റ്‌ന ജംഗ്ഷൻ സൂപ്പർഫാസ്റ്റ് ട്രെയിനുകൾ ശനിയാഴ്ച വൈകിട്ട് സർവീസ് തുടങ്ങി. മേയ് ഒന്നിനായിരുന്നു എറണാകുളം - പാറ്റ്‌ന ട്രെയിൻ സർവീസ് തുടങ്ങേണ്ടിയിരുന്നത്. നിലവിലെ സാഹചര്യം പരിഗണിച്ച് ഇത് നേരത്തെ ആക്കുകയായിരുന്നു.
ശനിയാഴ്ചകളിൽ രാത്രി 11.55ന് എറണാകുളം ജംഗ്ഷനിൽ നിന്ന് യാത്ര തുടങ്ങുന്ന ട്രെയിൻ ചൊവ്വാഴ്ചകളിൽ രാവിലെ 6.30ന് പാറ്റ്‌നയിലെത്തും. കൊച്ചുവേളി - കോർബ ദ്വൈവാര സ്‌പെഷൽ (02648) ഏപ്രിൽ 26 മുതൽ എല്ലാ തിങ്കൾ, വ്യാഴം ദിവസങ്ങളിലും, തിരുവനന്തപുരം സെൻട്രൽ - ഹസ്രത്ത് നിസാമുദ്ദീൻ പ്രതിവാര സൂപ്പർഫാസ്റ്റ് ട്രെയിനും കൊങ്കൺ വഴിയുള്ള നാഗർകോവിൽ - ഗാന്ധിധാം ജംഗ്ഷൻ സ്‌പെഷൽ ട്രെയിനും (06336) ഏപ്രിൽ 27 മുതൽ എല്ലാ ചൊവ്വാഴ്ചകളിലും സർവീസ് നടത്തും.