കിഴക്കമ്പലം: കൊവിഡ് വ്യാപന നിയന്ത്രണത്തിൽ ഇന്നലെ പൊതുജനം വീട്ടിലിരുന്നു. രാവിലെ മുതൽ കിഴക്കമ്പലം, കോലഞ്ചേരി മേഖലകൾ വിജനമായിരുന്നു. രാവിലെ മുതൽ ബാരിക്കേഡുകൾ നിരത്തി പൊലീസ് പരിശോധന തുടങ്ങിയെങ്കിലും ഉച്ചയോടെ നിർത്തി. അവശ്യ സാധനങ്ങൾ വാങ്ങുന്നതിനു പോലും ആളുകൾ പുറത്തിറങ്ങിയില്ല.
പരിശോധന ശക്തമാക്കിയതോടെ റോഡിൽ വാഹനങ്ങളും നന്നേ കുറഞ്ഞു. കൊവിഡ് പ്രതിരോധ ലംഘന കേസുകളും കുറവായിരുന്നു. ഹോട്ടലുകൾ, മറ്റ് വ്യാപാര സ്ഥാപനങ്ങൾ ഓട്ടോ,ടാക്‌സി തൊഴിലാളികൾ എല്ലാവരും കൊവിഡ് മാന്ദ്യത്തിൽപെട്ടു. ഹോട്ടലുകൾ തുറന്നെങ്കിലും കച്ചവടം മൂന്നിലൊന്നായി കുറഞ്ഞു. ഭക്ഷണസാധനങ്ങൾ ധാരാളമായി അധികം വന്നത് വൻ സാമ്പത്തിക നഷ്ടം വരുത്തിയതായി ഹോട്ടലുടമകൾ പറയുന്നു. പച്ചക്കറി,മീൻ, ഇറച്ചി കടക്കാരുടെയും അവസ്ഥയും ഇതുതന്നെയായിരുന്നു. വ്യാപാരം കുറഞ്ഞതോടെ പച്ചക്കറികളും മീനും വിറ്റഴിക്കാനാവാതെ വൻ നഷ്ടത്തിൽ കലാശിച്ചു.