കൊച്ചി: ഗാന്ധിനഗർ - പേരണ്ടൂർ കനാലിന് സമീപം പി ആൻഡ് ടി കോളനിൽ വീടിന്റെ ഭിത്തികൾ കാറ്റിൽ തകർന്നുവീണ വള്ളി മാധവന് മഹിളാമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയും സാമൂഹ്യക്ഷേമ ബോർഡ് അംഗവുമായ പത്മജ എസ്. മേനോൻ ഭക്ഷ്യവസ്തുക്കൾ അടങ്ങിയ കിറ്റ് നൽകി. മുണ്ടംവേലിയിൽ കോളനി നിവാസികൾക്കായി പണിയുന്ന ഫ്ളാറ്റ് സമുച്ചയം പൂർത്തിയായിട്ടില്ല. കാറ്റും മഴയും വന്നാൽ വീടുതകർന്ന് അപകടം സംഭവിക്കാമെന്ന ആശങ്കയിലും ഭയത്തിലുമാണ് എൺപതോളം കുടുംബങ്ങൾ. ഇവരുടെ കാര്യം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി വാസയോഗ്യമായ പാർപ്പിടങ്ങൾ നൽകാൻ നടപടി സ്വീകരിക്കുമെന്ന് പത്മജ പറഞ്ഞു. ബി.ജെ.പി കലൂർ മേഖലാ പ്രവർത്തകരായ ഉണ്ണിക്കൃഷ്ണൻ കെ.വി., മനോജ് എ.എൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.