akshara-vriksham
മുപ്പത്തടം സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ അറിവിന്റെ 'അക്ഷരവൃക്ഷം' തയ്യാറാക്കുന്ന ബാലകൃഷ്ണൻ കതിരൂർ

ആലുവ: മുപ്പത്തടം സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിലെ 'സാഹിതീയം' ലൈബ്രറിക്ക് മുൻവശം സ്കൂളിലെ ചിത്രകലാ അദ്ധ്യാപകൻ ബാലകൃഷ്ണൻ കതിരൂർ വരച്ച ചിത്രം അക്ഷരവൃക്ഷം ശ്രദ്ധേയമായി.

ലൈബ്രറിയിലേക്ക് വരുന്നവരുടെ കണ്ണിന് കുളിർമ്മയും മനസിന് ആനന്ദവും പകരുന്നതാണ് 15 അടി വലിപ്പമുള്ള കൂറ്റൻ അക്രിലിക് പെയിന്റിംഗ്.

സമീപം ആകാശവിജനതയിൽനിന്നും പുസ്തകകവാടത്തിലൂടെ അറിവിന്റെ പുസ്തകങ്ങൾ ഇറങ്ങിവരുന്ന മറ്റൊരു ചിത്രവുമുണ്ട്. കൂടാതെ ലൈബ്രറിയുടെ 'സാഹിതീയം' എന്ന പേരെഴുതിയിരിക്കുന്നതും വലിയൊരു ചിത്രത്തിലാണ്. പത്തുദിവസംകൊണ്ട് വരച്ച ചിത്രങ്ങൾ പുസ്തകദിനത്തിൽ പൂർത്തിയാക്കി. സഹായവുമായി പ്രധാന അദ്ധ്യാപികയും അദ്ധ്യാപകരുമുണ്ടായി.

നൊച്ചിമ സ്വദേശി ബാലകൃഷ്ണൻ കതിരൂർ 27വർഷമായി ചിത്രകലാ അദ്ധ്യാപകനാണ്. വിദ്യാഭ്യാസ വകുപ്പിന്റെ എറണാകുളം ഓഫീസിൽ പെയിന്റിംഗ് ഒരുക്കിയതിന് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. വിദേശത്തും സംസ്ഥാനത്തുമായി നിരവധി ചിത്രപ്രദർശനങ്ങൾ സംഘടിപ്പിച്ചു. അറുപതോളം കൊവിഡ് പ്രതിരോധസന്ദേശചിത്രങ്ങൾ ലോക്ക് ഡൗൺ കാലത്ത് വരച്ച് ഓൺലൈൻ പ്രദർശനം നടത്തി. ഇടപ്പള്ളിയിലെ ടീച്ചേഴ്‌സ് ട്രെയിനിംഗ് സെന്ററിന്റെ ചുറ്റുമതിലിൽ 14 ഫ്രെയിമുകളിലായി ചങ്ങമ്പുഴയുടെ രമണൻ കവിത ചിത്രീകരിക്കുന്ന തിരക്കിലാണ് ബാലകൃഷ്ണൻ കതിരൂർ.