കൊച്ചി: പി.പി.ഇ കിറ്റ് ധരിച്ച് കൈയിൽ അണുനശീകരണ ഉപകരണവുമായി ആലുവ റെയിൽവേ സ്റ്റേഷൻ ശുചീകരിക്കുന്ന ആളെ കണ്ടാൽ തെറ്റിദ്ധരിക്കേണ്ട. റെയിൽവേ ജീവനക്കാരനോ ശുചീകരണ തൊഴിലാളിയോ അല്ല. വിനു എന്ന സന്നദ്ധ പ്രവർത്തകനാണ്. പൊതു ഇടങ്ങൾ സൗജന്യമായി അണുനശീകരണം ചെയ്തു കൊടുത്ത് മാതൃകയാവുകയാണ് വിനു.
കൊവിഡ് രണ്ടാഘട്ട വ്യാപനം രൂക്ഷമാവുമ്പോൾ നാടിനായുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ കരുത്താവാൻ വൈറസിനെതിരെ ഒറ്റയാൾ പോരാട്ടമാണ് പാലക്കാട് സ്വദേശിയും ബ്ലെഡ് ഡോണേഴ്‌സ് കേരള എറണാകുളം ജനറൽ സെക്രട്ടറിയുമായ വിനു നായർ നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ആലുവ നഗരത്തിലെ പൊതു ഇടങ്ങൾ അണുവിമുക്തമാക്കി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
കൊവിഡ് ഭേദമായ ശേഷം വീടു ശുചീകരിക്കാൻ അണുനശീകരണഉപകരണം വാങ്ങിയപ്പോൾ മനസിൽ തോന്നിയ ആശയമാണിത്. സുഹൃത്തുക്കളുടെ വീടുകളും ശുചീകരിച്ച് നൽകിയ ശേഷം ആലുവ റെയിൽവേ ആരോഗ്യ വിഭാഗത്തെ സമീപിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം വൈകിട്ട് എട്ടു മണിയോടെ സ്റ്റേഷനിൽ ടിക്കറ്റ് സെന്റർ, പ്ലാറ്റ് ഫോമുകൾ, റെയിൽവേ പൊലീസ് സ്റ്റേഷൻ, ചരക്കു സേവന വിഭാഗം ഓഫീസ് എന്നിവ ഉൾപ്പെടെയുള്ള ഇടങ്ങൾ രണ്ടു മണിക്കൂർ കൊണ്ട് അണു വിമുക്തമാക്കി. കഴിഞ്ഞ വർഷം മുതൽ തന്നെ ആശയം മനസിലുണ്ടായിരുന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം അണുനശീകരണ ഉപകരണം വാങ്ങാൻ കഴിഞ്ഞില്ല. കൊവിഡ് ഭേദമായി ക്വാറന്റൈൻ കഴിഞ്ഞ് ഇറങ്ങിയ ദിവസം തന്നെ ഉപകരണം വാങ്ങി പൊതു ഇടങ്ങളിലേക്ക് ഇറങ്ങുകയായിരുന്നു. ആലുവ ബസ് സ്റ്റാൻഡ് അടക്കം ശുചീകരിക്കാനുള്ള പദ്ധതി മനസിലുണ്ട്. ഇതൊരു മാതൃകയാണ്. കൂടുതൽ പേർ സന്നദ്ധ പ്രവർത്തനത്തിന് ഇറങ്ങിത്തിരിച്ചാൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിനു ജില്ലയിലെ സന്നദ്ധ രക്തദാനപ്രവർത്തനങ്ങളും രക്തദാന ക്യാമ്പുകളും ഏകോപിപ്പിച്ച് വരികയാണ്. കൂടാതെ പ്രളയകാലത്തു മുതൽ സർക്കാരിന്റെ സന്നദ്ധ സേനയിലും അഗ്നി ശമന സേനയുടെ സിവിൽ ഡിഫൻസ് വിഭാഗത്തിലും പ്രവർത്തിച്ചു വരുന്നു. ഭിന്നശേഷിക്കാർക്കായുള്ള സംഘടനകളിൽ ഉപദേശക സമിതി അംഗമായും പ്രവർത്തിക്കുന്നുണ്ട്. ആലുവയിൽ ബിസിനസ് സ്ഥാപനം നടത്തുകയാണ്.