അങ്കമാലി: കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ അന്യസംസ്ഥാന തൊഴിലാളിയെ സുരക്ഷാ ജീവനക്കാരൻ ചൂരലിന് അടിച്ചു. കരയാംപറമ്പിൽ താമസിക്കുന്ന മൂർഖിദാസിനാണ് (46) അടിയേറ്റത്. വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. പൊലീസ് കേസെടുത്തിട്ടില്ല.
മൂർഖിദാസിന്റെ ദേഹത്തുനിന്ന് ചോരയൊലിക്കുന്നതായി കണ്ട യാത്രക്കാർ
സ്റ്റേഷൻമാസ്റ്ററുടെ ഓഫീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് രണ്ടു കണ്ടക്ടർമാർ
വാഹനത്തിൽ ഇയാളെ താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയി. വീണതിനെ തുടർന്നു പരിക്കേറ്റെന്നാണ് ആശുപത്രിയിൽ അറിയിച്ചത്. പരുക്കിൽ മരുന്ന്
വച്ചുകെട്ടിയ ശേഷം ആശുപത്രി അധികൃതർ പറഞ്ഞുവിട്ടു.
സ്ത്രീയാത്രക്കാരുടെ നേരെ അശ്ലീലചേഷ്ടകൾ കാണിക്കുന്നത് ഉൾപ്പെടെ മറ്റ്
യാത്രക്കാർക്ക് ശല്യമായി മാറിയതിനാലാണ് സ്റ്റാൻഡിൽനിന്ന് ഇയാളെ നീക്കംചെയ്യാൻ ശ്രമിച്ചതെന്നാണ് ജീവനക്കാരുടെ ഭാഷ്യം. മാസ്‌കും ധരിച്ചിരുന്നില്ല. മൂർഖിദാസിന് അടിയേൽക്കുന്ന വിഡിയോ സ്റ്റാൻഡിലുണ്ടായിരുന്ന യാത്രക്കാരൻ പകർത്തിയത് വൈറലായി. വിഡിയോ ശ്രദ്ധയിൽപ്പെട്ട കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗം റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.