വൈപ്പിൻ: കൊവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് പള്ളിപ്പുറം പഞ്ചായത്ത് പൂർണമായും കണ്ടെയ്‌ൻമെന്റ് സോണാക്കി ജില്ലാ കളക്ടർ ഉത്തരവിട്ടു. പഞ്ചായത്തിൽ 450 ഓളം പേരാണ് നിലവിൽ കൊവിഡ് ബാധിതരായിട്ടുള്ളത്. പഞ്ചായത്ത് ഉന്നതതല യോഗം തുടർനടപടികൾക്ക് രൂപം നൽകി. പ്രസിഡന്റ് രമണി അജയൻ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന പാതയിലൂടെയുള്ള ഗതാഗതം ചെറായി രാമവർമ്മപാലം, ചെറായിപാലം, മാല്യങ്കരപാലം എന്നിവിടങ്ങളിൽ ബാരിക്കേഡ് വെച്ച് പൊലീസ് നിയന്ത്രിക്കും. പഞ്ചായത്തിലെ മറ്റു ഭാഗങ്ങളിലുള്ള ഇടറോഡുകൾ അതാത് വാർഡ് മെമ്പർമാരുടേയും ദ്രുതകർമസേനയുടെയും നേതൃത്വത്തിൽ പൂർണമായും അടയ്ക്കും. മുനമ്പം ഹാർബറും മിനി ഹാർബറും പൂർണമായും പൂട്ടും. സംസ്ഥാനപാതയിലൂടെ ബസ് സർവീസ് അനുവദിക്കുമെങ്കിലും പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രദേശത്ത് നിന്ന് ആളുകളെ ബസുകളിൽ കയറ്റുവാനും ഇറക്കുവാനും പാടില്ല. ഇതിന് കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ് അധികൃതർക്ക് നിർദേശം നൽകും. മെഡിക്കൽ ഷോപ്പ്, ഹോട്ടൽ, ബേക്കറി, പലവ്യഞ്ജനം എന്നീ ആവശ്യസാധനങ്ങൾ വില്പന നടത്തുന്ന കടകൾ ഒഴികെയുള്ള സ്ഥാപനങ്ങൾ പൂർണമായും അടയ്ക്കണം. തുറക്കുന്ന കടകൾ വൈകിട്ട് 7.30ന് അടയ്ക്കണം. വ്യാപാര സ്ഥാപനങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ കടുത്തനടപടി സ്വീകരിക്കും. ജീവനക്കാർ മാസ്‌ക് നിർബന്ധമായും ധരിച്ചിരിക്കണം. നിർദേശങ്ങൾ അനുസരിക്കാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കും.
ഹാർബറിൽനിന്ന് ഫിഷിംഗ് ബോട്ടുകൾ കടലിൽ പോകുന്നത് നിരോധിക്കും. ഇപ്പോൾ കടലിൽ പോയിട്ടുള്ള ബോട്ടുകൾ തിരിച്ചുവരുമ്പോൾ മറ്റു ഹാർബറുകളിൽ അടുപ്പിച്ച് മത്സ്യവില്പന നടത്തണം. ഇക്കാര്യങ്ങൾ ബോധവത്ക്കരിക്കാൻ പഞ്ചായത്ത് അതിർത്തിയിൽ അനൗൺസ്‌മെന്റ് നടത്തും.