പെരുമ്പാവൂർ: കൊവിഡ് വ്യാപനത്തിന്റെ ഭാഗമായി മുൻകരുതലുകളുമായി പെരുമ്പാവൂർ നഗരസഭ. ജില്ലാ ഭരണകൂടവുമായും ഈ പ്രദേശവുമായി ബന്ധപെട്ടു പ്രവർത്തിക്കുന്ന എല്ലാ മേഖലയിൽ ഉള്ളവരുമായും വിവിധ തലങ്ങളിൽ ഉള്ള യോഗങ്ങൾ നടത്തി. അതാത് മേഖലയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ യോഗത്തിൽ ബോധ്യപ്പെടുത്തുകയും അവരിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങളും ഉൾക്കൊണ്ടുകൊണ്ട് ജനപ്രതിനിധികളുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും യോഗം ചേർന്ന് ആവശ്യമായ നടപടികൾ സ്വീകരിച്ചതായി മുനിസിപ്പൽ ചെയർമാൻ ടി. എം.സക്കീർ ഹുസൈൻ അറിയിച്ചു. ജനങ്ങള ബോധവത്കരിക്കുന്നതിനായി കഴിഞ്ഞ മൂന്നു ദിവസമായി നഗരസഭയുടെ നേതൃത്വത്തിൽ അറിയിപ്പ് നടത്തുന്നുണ്ട്. എല്ലാ വാർഡുകളിലും കൗൺസിലർമാർ നഗരസഭ ആരോഗ്യ പ്രതിനിധികൾ, ആശാവർക്കർമാർ, കുടുംബശ്രീ, റെസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ ചേർന്നാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. രണ്ടാം ഘട്ട കൊവിഡ് വാക്‌സിൻ ക്യാമ്പുകൾ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം മാറ്റിവക്കുകയും പകരം താലൂക്ക് ആശുപ്രത്രിയിൽ വാക്സിന്റെ ലഭ്യതക്കനുസരിച്ചു വാർഡുകൾ തിരിച്ചു ദിവസം നിശ്ചയിച്ചിട്ടുണ്ട്. താലൂക്ക് ആശുപത്രിയിൽ കൊവിഡ് രോഗികളെ താമസിപ്പിക്കുന്നതിനു പ്രത്യേക കൊവിഡ് വാർഡുകൾ ക്രമീകരിക്കുകയും ചെയതിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിന് ആവശ്യമായ സ്റ്റാഫിനെ തരുന്നതിനും രോഗികളെ അഡ്മിറ്റ് ചെയ്യുന്നതിനും ജില്ലാ ഭരണകൂടത്തെ ബന്ധപ്പെട്ടിട്ടുണ്ട്. രോഗികൾക്ക് 24 മണിക്കൂർ പ്രവർത്തിക്കുന്ന ആംബുലൻസ് തിങ്കളാഴ്ച്ച മുതൽ ആരംഭിക്കും. 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തന സജ്ജമാക്കാനും തീരുമാനിച്ചിട്ടുണ്ട്. പരിശീലനം ലഭിച്ച സാനിറ്റേഷൻ വിഭാഗം, നിയമ നടപടികൾ കർശനമാക്കാൻ 3 സെക്ടറൽ മജിസ്‌ട്രേറ്റുമാർ, ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള നിയമപാലകർ, ആരോഗ്യ വകുപ്പ് ജീവനക്കാർ എന്നുവരുടെ സേവനങ്ങളും ഉറപ്പ് വരുത്തിയിട്ടുണ്ട്. നഗരസഭാ അതിർത്തിയിൽ ഭീതിജനകമായ അന്തരീക്ഷം നിലവിൽ ഇല്ലെങ്കിലും രോഗം വ്യാപിക്കാതിരിക്കാൻ ശക്തമായ മുൻകരുതൽ നടപടികളാണ് നഗരസഭ ഭരണകൂടം എടുത്തിട്ടുള്ളതെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ചെയർമാൻ ടി. എം. സക്കീർ ഹുസൈൻ പറഞ്ഞു.