# ഫിസിഷ്യൻ അവധിയെടുത്താൽ പകരം സംവിധാനമില്ല
ആലുവ: ജില്ലാ ആശുപത്രിയിൽ കൊവിഡ് രോഗികൾ കൂടുമ്പോഴും ആവശ്യത്തിന് ഡോക്ടർമാരില്ലാത്തത് ദുരിതം ഇരട്ടിയാക്കി. നേരത്തെ മുതലേ ഈ പ്രശ്‌നം ഉണ്ടെങ്കിലും കൊവിഡ് പ്രതിസന്ധി വന്നതോടെ പോരായ്മകൾ കൂടുതൽ രൂക്ഷമായിരിക്കുകയാണ്.
മെഡിക്കൽ കോളജ് അടക്കം പല ആശുപത്രികളിലും കൊവിഡ് രോഗികളല്ലാത്തവരെ ചികിത്സിക്കുന്നില്ല. അതിനാൽ അത്തരം രോഗികൾ ആലുവ ആശുപത്രിയെയാണ് കൂടുതലായും ആശ്രയിക്കുന്നത്. അങ്കമാലി ആശുപത്രിയിലെ ഫിസിഷ്യൻ വർക്ക് അറേഞ്ച്‌മെന്റ് പ്രകാരം മറ്റൊരു ആശുപത്രിയിലേക്ക് പോയിരിക്കുകയാണ്. അതിനാൽ അവിടെയുള്ള രോഗികളെയും ആലുവക്കാണ് അയക്കുന്നത്. ആലുവയിലാണെങ്കിൽ ഒരു ഫിസീഷ്യൻ മാത്രമാണുള്ളത്. രാവും പകലും ഇതേ ഡോക്ടർതന്നെ പലപ്പോഴും ജോലിചെയ്യേണ്ടിവരുന്നുണ്ട്. അദ്ദേഹത്തിന് അവധി എടുക്കേണ്ടിവരുമ്പോൾ ചികിത്സയും മുടങ്ങുന്ന സ്ഥിതിയാണ്.
ഡോക്ടർമാരുടെ ഒഴിവുകൾ നികത്തുന്നില്ല
അഞ്ച് ഫിസീഷ്യന്മാർ വേണ്ടിടത്ത് ദീർഘനാളായി ഒരാൾ മാത്രമേയുള്ളു. ഇതിനിടയിൽ നിലവിലുള്ള ഫിസിഷ്യന് ആശുപത്രിയിലെ കോവിഡ് രോഗികളുടെ ചുമതലകൂടി നൽകാനുള്ള നീക്കം നടക്കുന്നുണ്ട്. അങ്ങനെവന്നാൽ മറ്റ് രോഗികളുടെ കാര്യം കൂടുതൽ ദുരിതമാകും.
അസ്ഥിരോഗ വിഭാഗത്തിൽ രണ്ട് പോസ്റ്റുകളാണുള്ളത്. ഇതിൽ ഒരാൾ ചില ദിവസങ്ങളിൽ പറവൂർ ആശുപത്രിയിലാണ് സേവനം. അടുത്തയാൾക്ക് നിലവിൽ കൊവിഡ് നോഡൽ ഓഫീസറുടെ ചുമതലയാണ്. അത്യാഹിത വിഭാഗത്തിൽ ഒരു ഡോക്ടറാണുള്ളത്. ആലുവ താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയാക്കിയെങ്കിലും ആ നിലവാരത്തിലേക്ക് എത്തിക്കാൻ സർക്കാർ ഇതുവരെ തയ്യാറാറായിട്ടില്ല. പ്രധാനതസ്തികകളെല്ലാം ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്. സമീപകാലത്ത് സ്ഥലം മാറിപ്പോയ സ്‌പെഷ്യലിസ്റ്റുകൾക്ക് പകരം ഡോക്ടർമാരെയും നിയമിച്ചിട്ടില്ല.
ഇതേത്തുടർന്ന് ദുരിതമനുഭവിക്കുന്നത് രോഗികൾ മാത്രമല്ല. ഡോക്ടർമാരും അവധി പോലുമെടുക്കാനാകാതെ വിഷമിക്കുകയാണ്.