1
ഗോഡ്സനും കുടുംബവും പുതിയ വീടിനുമുന്നിൽ. സമീപം വികാരി ആൻറണി കാട്ടിപ്പപറമ്പിൽ തുടങ്ങിയവർ

പള്ളുരുത്തി: കുമ്പളങ്ങി സെന്റ് പീറ്റേഴ്സ് സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർത്ഥി ഗോഡ്‌സനും കുടുംബത്തിനും കേറിക്കിടക്കാൻ ഒരിടമായി. ഫാ. ആന്റണി കാട്ടിപ്പറമ്പിൽ, വാർഡംഗം ജോബി പനക്കൽ, സെന്റ് പീറ്റേഴ്‌സ് സ്‌കൂളിലെ അദ്ധ്യാപകർ, നാട്ടുകാർ തുടങ്ങിയവർ കൈകോർത്തപ്പോഴാണ് വീടിന് വഴിയൊരുങ്ങിയത്. കഴിഞ്ഞ ആഗസ്റ്റ് 15 നാണ് തറക്കല്ലിട്ടത്. ഇന്നലെ നടന്ന ലളിതമായ ചടങ്ങിൽ വീടിന്റെ താക്കോൽ കൈമാറി.
കല്ലഞ്ചേരി പുന്നക്കൽ വീട്ടിൽ ഫ്രെഡി - ഉഷ ദമ്പതികളുടെ മകനായ ഗോഡ്സന് ഓൺലൈൻ പഠനത്തിനായി ഫോൺപോലും ഉണ്ടായിരുന്നില്ല. വീട്ടിൽ വൈദ്യുതിപോലും ഇല്ലായിരുന്നു. പഴയ വീടിന്റെ മേൽക്കൂര കഴിഞ്ഞ കാറ്റിലും മഴയിലും തകർന്നുവീണു. മത്സ്യത്തൊഴിലാളിയായ ഫ്രെഡിക്ക് വീടെന്ന സ്വപ്നം വളരെ അകലെയായിരുന്നു. അവകാശത്തർക്കത്തെ തുടർന്ന് പഴയവീട് പുതുക്കിപ്പണിയാൻ കഴിയാത്ത സ്ഥിതിയായിരുന്നു. പ്ലാസ്റ്റിക്ക് ഷീറ്റ് വലിച്ചുകെട്ടിയായിരുന്നു താമസം.കെ.എസ്.ഇ.ബി അധികാരികൾ വൈദ്യതി പോസ്റ്റിട്ട് സൗജന്യമായി വൈദ്യുതി എത്തിച്ചു. ജലജീവൻ പദ്ധതിയിൽ കുടിവെള്ളവും നൽകി. സ്ഥലത്തെ ചെറുപ്പക്കാരാണ് പ്രതിഫലം വാങ്ങിക്കാതെ വീട് നിർമ്മാണത്തിൽ ഏർപ്പെട്ടത്.