ആലുവ: ഇന്നലെ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ കർശനമാക്കാൻ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്ക് നേരിട്ട് നിരത്തിലിറങ്ങി. റൂറൽ ജില്ലയിൽ നിയന്ത്രണങ്ങൾ ലംഘിച്ചതിന് 110 കേസെടുത്തു. 30 പേരെ അറസ്റ്റുചെയ്തു. മാസ്ക്ക് ധരിക്കാത്തതിന് 3200 പേർക്കെതിരെയും സാമൂഹ്യഅകലം പാലിക്കാത്തതിന് 3350 പേർക്കെതിരെയും നടപടിയെടുത്തു. വരുംദിവസങ്ങളിലും പരിശോധന തുടരും.
ഇന്നലെ രാവിലെ ആലുവ നഗരത്തിലാണ് എസ്.പിയുടെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചത്.
ബൈപ്പാസിലൂടെ നിയന്ത്രണങ്ങൾ ലംഘിച്ചെത്തിയ വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു. കൃത്യമായ രേഖകൾ കാണിച്ചവരെ കടത്തിവിട്ടു. വ്യാപാര സ്ഥാപനങ്ങളിലും മാർക്കറ്റിലും പരിശോധനടത്തി. നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ നടപടികൾ സ്വീകരിച്ചു. പെരുമ്പാവൂർ, മൂവാറ്റുപുഴ മേഖലയിലും പരിശോധന ഉണ്ടായിരുന്നു.