ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നതിനെതിരെ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് പരാതി. തായിക്കാട്ടുകര കാരോത്തുകുഴി വൈദ്യശാലയുടെ പിന്നിലെ പാടശേഖരത്തിൽ നിരവധി യുവാക്കളാണ് രാത്രിമുതൽ വെളുപ്പിനുവരെ കൂട്ടംകൂടി ബഹളം സൃഷ്ടിക്കുന്നത്.
കൂടുതലും പുറത്തുനിന്നുള്ള യുവാക്കളാണ്. പലരും മദ്യപാനവും ലഹരി ഉപയോഗവും കഴിഞ്ഞു വെളുപ്പിനാണ് പോകുന്നതെന്നാണ് പരാതി. കിടക്കുന്നതിനായി ടെന്റും ഉണ്ടാക്കിയിട്ടുണ്ട്. മാസ്‌ക് ധരിക്കാതെയും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള സംഘംചേരൽ കൊവിഡ് വ്യാപനം രൂക്ഷമാക്കുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ. വൈകുന്നേരങ്ങളിലും രാത്രിയിലും പൊലീസ് പട്രോളിംഗ് നടത്തണമെന്ന് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എസ്. മുഹമ്മദ് ഷെഫീക്ക് ആവശ്യപ്പെട്ടു.