തൃക്കാക്കര: വൈഗയെ കൊന്ന ശേഷം താൻ ആത്മഹത്യയ്‌ക്ക് ശ്രമിച്ചെന്ന പിതാവ് സാനു മോഹന്റെ മൊഴി കള്ളമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. സാനു ഗോവയിൽ താമസിച്ച റിഗോ ഹോട്ടൽ പൊലീസ് പരിശോധിച്ചു. ആത്മഹത്യയ്‌ക്കായി എലിയെ കൊല്ലുന്ന വിഷബിസ്‌ക്കറ്റ് വാങ്ങിയെന്നു പറഞ്ഞ മെഡിക്കൽ ഷോപ്പിലും ഹോട്ടലിലും നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കള്ളമാണെന്ന് വ്യക്തമായത്. തൃക്കാക്കര സി.ഐ കെ. ധനപാലന്റെ നേതൃത്വത്തിലാണ് സാനുവുമായി ഇന്നലെ തെളിവെടുപ്പ് നടത്തിയത്. ഹോട്ടലിൽ വച്ച് മദ്യത്തിൽ കലർത്തി വിഷബിസ്‌ക്കറ്റ് കഴിച്ചെന്നും പിന്നീട് കൈ മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നുമായിരുന്നു സാനുവിന്റെ മൊഴി.
പനാജിയിലെ കാസിനോ പ്രൈഡ് എന്ന ചൂതാട്ട കേന്ദ്രത്തിലും ഇയാൾ എത്തിയതായി കണ്ടെത്തി. രണ്ട് ദിവസം ഇവിടെ ഒളിവിലായിരുന്നപ്പോൾ 50000 രൂപ ചൂതാട്ടത്തിൽ നഷ്ടപ്പെട്ടെന്നായിരുന്നു സാനുവിന്റെ മൊഴി. പക്ഷേ 25,000 രൂപയാണ് ചെലവാക്കിയതെന്നും വ്യക്തമായി. ഗോവയിലെ തെളിവെടുപ്പ് ഇന്നലെ പൂർത്തിയാക്കി. ഇന്ന് സാനുവുമായി പൊലീസ് മുരുഡേശ്വറിലെത്തും. മൂകാംബിക, കാർവാർ എന്നിവിടങ്ങളിൽ കൂടി തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം തിങ്കളാഴ്ച കൊച്ചിയിൽ തിരിച്ചെത്തും.
സാനുവിന് വ്യക്തമായ പദ്ധതി
വൈഗയുടെ കൊലപാതകത്തിനും അതിനു ശേഷവും സാനുമോഹന് വ്യക്തമായ പദ്ധതിയുണ്ടായിരുന്നെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. വർഷങ്ങളായി ബന്ധമില്ലാതിരുന്ന ഭാര്യ രമ്യയുടെ കുടുംബവുമായി ആറുമാസം മുമ്പാണ് സാനു വീണ്ടുമടുത്തത്. ഇക്കാര്യം അമ്മയുൾപ്പെടെ തന്റെ ബന്ധുക്കളെപ്പോലും അറിയിച്ചില്ല. അമ്മയെ കാണാൻ പോയതുമില്ല. അതേസമയം രമ്യയുടെ സഹോദരി രേഖയുടെയും അമ്മാവന്റെ മകൻ ഉമേഷിന്റെയും വീട്ടിൽ നിരവധി തവണ എത്തിയിരുന്നു.
സാനുവിന് ഏറ്റവുമടുപ്പം രേഖയുടെ ഭർത്താവ് പ്രവീണുമായിട്ടാണ്. പൂനെയിൽ നിന്ന് അഞ്ചുവർഷം മുമ്പ് കൊച്ചിയിലെത്തിയപ്പോൾ മുതൽ ഈ ബന്ധമുണ്ട്. സാനു പൂനെയിൽ നിന്ന് കൊണ്ടുവന്ന ഫോക്സ് വാഗൺ പോളോ കാർ കോയമ്പത്തൂരിൽ വിറ്റത് ഇരുവരും ചേർന്നാണെന്നും അറിയുന്നു. കങ്ങരപ്പടി ഹാർമണി ഫ്ളാറ്റ് കണ്ടെത്തിയതും പ്രവീണായിരുന്നുവെന്ന് പൊലീസ് പറയുന്നു.