നെടുമ്പാശേരി: കൊവിഡ് വ്യാപനത്തെ തുടർന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന സർവ്വീസുകൾ നിലയ്‌ക്കുന്നു. ഖത്തറും ഒമാനും ഒഴികെയുള്ള മിക്ക രാജ്യങ്ങളും ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾക്ക് 10 ദിവസത്തേക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ഇപ്പോഴത്തെ ഷെഡ്യൂൾ അനുസരിച്ച് ഇന്നലെ രാത്രി 10 ന് ദുബായിലേക്ക് പുറപ്പെട്ട വിമാനമാണ് അവസാനത്തെ സർവീസ്.
കൊച്ചിയിൽ നിന്നുള്ള 90 ശതമാനം അന്താരാഷ്ട്ര സർവ്വീസുകളും ഗൾഫ് മേഖലയിലേക്കായിരുന്നു. സിംഗപ്പൂർ, മലേഷ്യ, യൂറോപ്പ്, യു.കെ, അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. 10 ദിവസത്തേക്ക് കൂടി വിദേശത്ത് നിന്നുള്ള വിമാനങ്ങൾ കൊച്ചിയിൽ എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. യാത്രക്കാരെ ഇറക്കിയതിനു ശേഷം യാത്രക്കാരില്ലാതെ മടങ്ങും.
നിലവിൽ 25 ഓളം ആഭ്യന്തര വിമാനങ്ങൾ ദിവസേന സർവ്വീസുണ്ട്. കൊവിഡ് വ്യാപനത്തിന് മുമ്പ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ അന്താരാഷ്ട്ര, ആഭ്യന്തര സെക്ടറുകളിലായി ദിവസേന ശരാശരി 300 വിമാന സർവീസുകൾ ഉണ്ടായിരുന്നു. കൊവിഡ് വ്യാപനം ശേഷം 30ആയി കുറഞ്ഞിരുന്നു.