വളരെ സൗമ്യമായ പെരുമാറ്റമായിരുന്നു ജസ്റ്റിസ് മോഹൻ എം. ശാന്തനഗൗഡരുടെ പ്രത്യേകത. ചിരിക്കുന്ന മുഖത്തോടെയല്ലാതെ കണ്ടിട്ടില്ല. അനാവശ്യ ഗൗരവം ഒരിക്കലും കാണിച്ചിരുന്നില്ല.
കർണാടക ഹൈക്കോടതിയിൽ നിന്ന് അദ്ദേഹം കേരള ഹൈക്കോടതിയിൽ എത്തിയപ്പോൾ മുതൽ ഞങ്ങൾ വലിയ അടുപ്പമായിരുന്നു. കർണാടക ജുഡിഷ്യൽ അക്കാഡമിയിൽ രണ്ടു തവണ പ്രഭാഷണങ്ങൾക്ക് പോയപ്പോഴും അദ്ദേഹത്തെ പരിചയപ്പെടാൻ കഴിഞ്ഞിരുന്നില്ല. പ്രഭാഷണത്തിന്റെ കാര്യം പറഞ്ഞാണ് അദ്ദേഹം എന്നെ ഇങ്ങോട്ടുവന്ന് പരിചയപ്പെട്ടത്.
എല്ലാത്തിലും വളരെ സമതുലിതമായാണ് ഇടപെട്ടത്. ഒന്നിലും മുൻവിധികളില്ലായിരുന്നു. ആരോടും അകലം പാലിച്ചില്ല, ദേഷ്യപ്പെട്ടുമില്ല. കോടതി നടപടികൾ നന്നായി കൊണ്ടുപോകുന്നതിൽ പ്രത്യേക കഴിവായിരുന്നു. ജഡ്‌ജിമാരോടും നല്ല പെരുമാറ്റം. മികച്ച ന്യായാധിപൻ എന്നപോലെ നല്ലൊരു മനുഷ്യൻ എന്നും നിസ്സംശയം പറയാം. എല്ലാവരോടും സ്നേഹം പുലർത്തിയ മനുഷ്യൻ. അതായിരുന്ന ശാന്തനഗൗഡർ.
അപ്രതീക്ഷിതമായാണ് അദ്ദേഹം കേരളത്തിൽ നിന്ന് സുപ്രീം കോടതിയിലേക്ക് നിയമിക്കപ്പെട്ടത്. സർവീസിൽ സീനിയറായ പലരും നിൽക്കെയായിരുന്നു ആ സ്ഥാനക്കയറ്റം. അദ്ദേഹത്തിന് മുൻപ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന മഞ്ജുള ചെല്ലൂർ സീനിയറായിരുന്നു. മഞ്ജുള ചെല്ലൂരിന് മുൻപ് ശാന്തനു ഗൗഡർക്ക് സുപ്രീംകോടതിയിൽ നിയമനം ലഭിച്ചത് അദ്ദേഹത്തിന്റെ മികവ് മൂലമാണ്. മികച്ച പ്രവർത്തനം സുപ്രീം കോടതിയിലും അദ്ദേഹം കാഴ്ചവച്ചു. നിരവധി വിഷയങ്ങളിൽ ശ്രദ്ധേമായ വിധികൾ പുറപ്പെടുവിച്ചിട്ടുണ്ട്.