കൊച്ചി: മെഡിക്കൽ വിദ്യാഭ്യാസമെന്ന പ്രാഥമികലക്ഷ്യം മറന്ന് എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് പൂർണമായും കൊവിഡ് ചികിത്സയ്ക്ക് മാറ്റുന്നത് വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും ഗുരുതരമായി ബാധിക്കുമെന്ന് കോളേജ് അദ്ധ്യാപക രക്ഷാകർതൃ സംഘടന (പി.ടി.എ ) ആരോപിച്ചു. മെഡിക്കൽ കോളേജിനെ തകർക്കുന്ന നടപടി പിൻവലിക്കണമെന്ന് പി.ടി.എ ആവശ്യപ്പെട്ടു.
പൊതുസമൂഹത്തിന് ഗുണം കിട്ടുന്ന മികച്ച ഡോക്ടർമാരെ സൃഷ്ടിക്കേണ്ട മെഡിക്കൽ കോളേജിൽ വിദ്യാർത്ഥികൾക്ക് പൂർണമായും പഠനത്തിനുള്ള സൗകര്യവും പാവപ്പെട്ട രോഗികൾക്ക് കൊവിഡിതര സൗജന്യചികിത്സ നിഷേധിക്കുന്ന തീരുമാനം സർക്കാർ പുന:പരിശോധിക്കണമെന്ന് പി.ടി.എ അഭ്യർത്ഥിച്ചു. ഏപ്രിൽ 22 ലെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞത് എല്ലാ അശുപത്രിയിലും കൊവിഡിനും മറ്റു അസുഖങ്ങൾക്കും ചികിത്സ ഉറപ്പാക്കാൻ ജില്ലാ കളക്ടറും മെഡിക്കൽ ഓഫീസറും ഉൾപ്പെട്ട സമിതി നേതൃത്വം കൊടുക്കണമെന്നാണ്. എറണാകുളത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സി.എഫ്.എൽ.ടി.സികൾ ആരംഭിക്കുകയും സ്വകാര്യ ആശുപത്രികളിലെ നിശ്ചിതശതമാനം കിടക്കകൾ കൊവിഡ് രോഗികൾക്കായി മാറ്റിവയ്ക്കുകയും ചെയ്തിട്ടുണ്ട്. ആലുവ ജില്ലാ ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി, ഫോർട്ടുകൊച്ചി, പറവൂർ, തൃപ്പുണിത്തുറ, പെരുമ്പാവൂർ, മൂവാറ്റുപുഴ താലുക്ക് ആശുപത്രിയിലും മതിയായ സൗകര്യമൊരുക്കിയിട്ടുണ്ട്. അതിതീവ്ര വിഭാഗത്തിൽപ്പെട്ടവർക്ക് മാത്രമായി മെഡിക്കൽ കോളേജിലെ സൗകര്യവും നൽകി കൊവിഡ് ചികിത്സാ പരിഹാരത്തിന് ശ്രമിക്കണം.
കൊവിഡ് ചികിത്സയ്ക്ക് വേണ്ടി മൂന്നര കോടി മുടക്കിയ ആലുവ ജില്ലാ ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി എന്നിവിടങ്ങളിലെ ഐ.സി.യു, ഓപ്പറേഷൻ തിയേറ്ററും പൂർണമായി അടിയന്തരമായി പ്രവർത്തനം ആരംഭിക്കണം. ഇക്കാര്യം മെഡിക്കൽ കോളേജ് വിദ്യാർത്ഥികളും അദ്ധ്യാപകസംഘടനയുന അഭ്യർത്ഥിച്ചിട്ടുണ്ട്. അധികാരികൾ വേണ്ട പരിഗണന നൽകണമെന്ന് പി.ടി.എ പ്രസിഡന്റ് എം.എം. നാസർ ആവശ്യപ്പെട്ടു.