കൊച്ചി: കൊവിഡ് വ്യാപനം വർദ്ധിക്കവെ, സംസ്ഥാനത്ത് പൾസ് ഓക്സി മീറ്ററിന് കടുത്ത ക്ഷാമം. രോഗബാധിതരുടെ രക്തത്തിലുള്ള ഓക്സിജന്റെ അളവ് കണക്കാക്കുന്നതിനുള്ള പൾസ് ഓക്സി മീറ്റർ മെഡിക്കൽ ഷോപ്പുകളിൽ വിരലിലെണ്ണാവുന്നവ മാത്രമാണ് ബാക്കിയുള്ളത്. റീട്ടെയിൽ ഷോപ്പുകളിലും കഴിഞ്ഞ മൂന്നു മാസമായി എത്തിയിട്ടില്ല. കൊവിഡ് കുറഞ്ഞുനിന്നപ്പോൾ ഉത്പാദനവും വിതരണവും കുറച്ചതാണ് ക്ഷാമത്തിന് കാരണം.വീട്ടിൽ ക്വാറന്റൈനിൽ തുടരുന്നവർക്ക് മൂന്നു മണിക്കൂർ ഇടവിട്ട് ശരീരത്തിലെ ഓക്സിജന്റെ അളവും ഹൃദയമിടിപ്പും പരിശോധിക്കാൻ പൾസ് ഓക്സി മീറ്റർ വേണം. ഓക്സിജന്റെ അളവ് 90 ശതമാനത്തിൽ താഴെയെത്തിയാൽ ഉടൻ ആരോഗ്യപ്രവർത്തകരെ വിവരമറിയിക്കാനാണ് ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. ആരോഗ്യമുള്ള വ്യക്തിയിൽ ഓക്സിജൻ നില 95 മുതൽ 100 ശതമാനം വരെയാണ്.
പൂഴ്ത്തിവയ്പും
അമിത വിലയും
500- 2000 രൂപയാണ് പൾസ് ഓക്സി മീറ്ററിന്റെ വില. ക്ഷാമം ആരംഭിച്ചതോടെ മെഡിക്കൽ ഷോപ്പുകൾ പൂഴ്ത്തിവച്ച് വൻവിലയ്ക്ക് വിറ്റഴിക്കുന്നതായി പരാതിയുണ്ട്. ഓൺലൈനായി 500 രൂപയ്ക്ക് മുതൽ ലഭിക്കുമെങ്കിലും സ്റ്റോക്കില്ലെന്നാണ് കാണിക്കുന്നത്.
പൾസ് ഓക്സിമീറ്റർ
കൊവിഡ് രോഗബാധിതരിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും ന്യുമോണിയയ്ക്കും സാദ്ധ്യതയുണ്ട്. ഇവരിൽ ശ്വാസകോശത്തിലെ വായുസഞ്ചികൾ പഴുപ്പ് കൊണ്ട് നിറയും. അത് ശ്വാസകോശത്തിലേക്ക് പ്രവേശിക്കുന്ന വായുവിന്റെ നിരക്കിനെയും അളവിനെയും ബാധിക്കുകയും രക്തത്തിലെ ഓക്സിജന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. അതിനാൽ ഓക്സിജന്റെ അളവ് ഇടയ്ക്കിടെ പരിശോധിക്കൽ പ്രധാനമാണ്.
കിട്ടാനില്ല ഓക്സിജൻ
കോൺസൻട്രേറ്ററുകളും
കുറഞ്ഞ അളവിൽ ഓക്സിജൻ ആവശ്യമുള്ള കിടപ്പുരോഗികൾക്കുള്ള ഓക്സിജൻ കോൺസൻട്രേറ്ററുകൾക്കും സംസ്ഥാനത്ത് ക്ഷാമം. കൊവിഡ് മൂലം ഓക്സിജന് ആവശ്യക്കാർ ഏറിയതോടെ സംസ്ഥാനത്തേക്കുള്ള വിതരണം നിലച്ചതാണ് കാരണം. കൊവിഡ് കേസുകൾ കൂടുതലുള്ള മുംബയ്, ഡൽഹി എന്നിവിടങ്ങളിലേക്ക് വിതരണം കേന്ദ്രീകരിക്കുമ്പോൾ മറ്റിടങ്ങളിൽ ലഭിക്കാത്ത സ്ഥിതിയാണ്.
ചൈനയിൽ നിന്നാണ് പ്രധാനമായും ഓക്സിജൻ കോൺസൻട്രേറ്ററുകൾ എത്തുന്നത്. തദ്ദേശീയമായി മെഷീനുകൾ നിർമിക്കുന്ന കമ്പനികൾ കുറവായതിനാൽ ചൈനയെ ആശ്രയിക്കുക മാത്രമാണ് പോംവഴി. മെഷീൻ പണിമുടക്കിയാൽ അത്യാവശ ഘട്ടത്തിൽ ഉപയോഗിക്കാനായി മിക്ക വീടുകളിലും ഓക്സിജൻ സിലിണ്ടറും സൂക്ഷിക്കാറുണ്ട്. എന്നാൽ ഇവയും നിലവിൽ ലഭ്യമല്ല.
വില കുത്തനെ കൂടി
60,000 രൂപ വിലയുണ്ടായിരുന്ന മെഷീനുകൾക്ക് ആവശ്യക്കാർ ഏറിയതോടെ ഒരു ലക്ഷം രൂപ വരെയായി. 35,000 മുതൽ 40,000 വരെ രൂപയ്ക്കടുത്തു വിലയുണ്ടായിരുന്നവയ്ക്ക് ഇരട്ടി വിലയായി. ഓൺലൈൻ സൈറ്റുകളിൽ ഇവ ലഭ്യവുമല്ല.
'കൊവിഡ് വ്യാപനത്തിൽ ആശുപത്രി കിടക്കകൾ നിറയുമ്പോൾ ആളുകൾക്ക് വീടുകളിൽ കഴിയേണ്ടി വരും. അതോടെ പൾസ് ഓക്സി മീറ്ററിന്റെ ഉപഭോഗം ക്രമാതീതമായി വർദ്ധിക്കും. നില നിയന്ത്രിക്കാനും കൂടുതൽ എത്തിക്കാനും സർക്കാർ നടപടിയെടുക്കണം. പൂഴ്ത്തിവച്ച് അമിതലാഭം കൊയ്യുന്നവർക്കെതിരെയും നടപടി വേണം'
-സനിൽ സി.
മെഡിക്കൽ ഷോപ്പുടമ