പറവൂർ: കൊവിഡ് വ്യാപനപശ്ചാത്തലത്തിൽ കർശനനിയന്ത്രണങ്ങൾ പ്രഖ്യാപിച്ച കഴിഞ്ഞ രണ്ടു ദിവസവും പറവൂർ നഗരവും സമീപ പ്രദേശങ്ങളും നിശ്ചലമായി. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴികെ മറ്റു വ്യാപാര സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടന്നു. സ്വകാര്യ വാഹനങ്ങൾ ഉണ്ടായിരുന്നെങ്കിലും നിരത്തുകളിൽ വലിയതിരക്ക് അനുഭവപ്പെട്ടില്ല. ഞായറാഴ്ച കടകളും സ്വകാര്യ വാഹനങ്ങളും കുറവായിരുന്നു. പൊതുവേ നഗരത്തിലെ വഴികളെല്ലാം വിജനമായിരുന്നു. പൊലീസ് വാഹനപരിശോധന കാര്യക്ഷമമായി നടത്തി. പുറത്തിറങ്ങുന്നവർ കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിച്ചു. മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും നടന്നവർക്കെതിരെ പിഴ ചുമത്തി.
പൊലീസ് പിഴ ചുമത്തി
പറവൂർ പൊലീസ് 62 പേർക്കെതിരെയും വടക്കേക്കര പൊലീസ് 11 പേർക്കെതിരെയും പിഴ ചുമത്തി. ഏഴിക്കരയിൽ അനധികൃതമായി തുറന്ന ഹാർഡ്‌വെയർ സ്ഥാപനത്തിനെതിരെ നടപടിയെടുത്തു. നിശ്ചിതസമയം കഴിഞ്ഞിട്ടും അടയ്ക്കാതിരുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിച്ചു.
വടക്കേക്കരയിലെ വഴികൾ അടച്ചു.
കണ്ടെയ്ൻമെന്റ് സോണായതിനാൽ വടക്കേക്കര പഞ്ചായത്തിലെ പ്രധാന റോഡ് ഒഴികെ എല്ലാ വഴികളും അടച്ചു. മൂന്നൂറിലധികം പോസിറ്റീവ് കേസുകളാണ് നിലവിൽ പഞ്ചായത്തിൽ ഉള്ളത്. വെള്ളിയാഴ്ച 219 ആയിരുന്നു. കഴിഞ്ഞ രണ്ടുദിവസത്തിൽ നൂറിലധികം കേസുകൾ ഉണ്ടായതിനാൽ തന്നെ അതിവേഗത്തിലാണ് വ്യാപനം എന്ന നിഗമനത്തിലാണ് അധികൃതർ. പഞ്ചായത്തിലെ ചന്തകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ രാവിലെ എട്ടുമുതൽ വൈകിട്ട് വരെയാണ് പ്രവർത്തിക്കാൻ അനുമതിയുള്ളത്. പഞ്ചായത്തിന്റെ എല്ലാ പ്രദേശത്തും പൊലീസും സെക്ടർ മജിസ്ട്രേട്ടും പരിശോധന കർശനമാക്കി.
അണുവിമുക്തമാക്കി
കൊവിഡ് വ്യാപനം വർദ്ധിച്ചുവരുന്ന വടക്കേക്കര പഞ്ചായത്തിലെ പൊതുസ്ഥലങ്ങൾ വടക്കേക്കര സർവീസ് സഹകരണ ബാങ്കിന്റെ സഹായത്തോടെ എമർജൻസി റെസ്പോൺസ് ടീമിന്റെ നേതൃത്വത്തിൽ അണുവിമുക്തമാക്കി. സ്ഥിതിഗതികൾ വിലയിരുത്താൻ പഞ്ചായത്തിൽ അടിയന്തര മോണിറ്ററിംഗ് സമിതി യോഗം ചേർന്നു.