കളമശേരി: കൊവിഡ് വ്യാപനപശ്ചാത്തലത്തിൽ കർശനനിയന്ത്രണങ്ങളുള്ള രണ്ടാം ദിവസമായ ഇന്നലെയും ഹർത്താലിന്റെ പ്രതീതി തന്നെയായിരുന്നു. അവധിദിനമായതിനാൽ പൊതുവെ റോഡിൽ വാഹനങ്ങളും യാത്രക്കാരും കുറവായിരുന്നു. വിവാഹബോർഡ് വെച്ച് വാഹനങ്ങൾ പോകുന്നുണ്ടായിരുന്നു. ദേശീയപാതയിൽ കളമശേരി പ്രീമിയർ കവല, എച്ച്.എം.ടി ജംഗ്ഷൻ, ഇടപ്പള്ളി , പാതാളം , ഭാഗങ്ങളിൽ പൊലീസ് കർശന പരിശോധന നടത്തിയിരുന്നു.
കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവരെ പിടികൂടാൻ ഗ്ലാസ് കോളനി പരിസരത്ത് പൊലീസ് ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്താൻ ശ്രമിച്ചെങ്കിലും സാങ്കേതിക തകരാർമൂലം നടന്നില്ല.
ശരിയായ രീതിയിൽ മാസ്ക്ക് ധരിക്കാതെയും ഹെൽമെറ്റില്ലാതെയും നിയമങ്ങൾ കാറ്റിൽ പറത്തി സഞ്ചരിക്കുന്നവരെ ഉൾപ്രദേശങ്ങളിലും ദേശീയപാതയിലും കാണാമായിരുന്നു. പൊലീസിന്റെ കണ്ണിൽപെട്ടവർ കുടുങ്ങുകയും ചെയ്തു.
കളമശേരി ,ഏലൂർ നഗരസഭകളിലെ പച്ചക്കറി, പഴം വില്പനക്കാർ കടകൾ തുറന്നിരുന്നു. അത്യാവശ്യം ചില ഹോട്ടലുകളും ബേക്കറികളും പ്രവർത്തിച്ചു. വഴിയോരക്കച്ചവടക്കാർ തീരെ കുറവായിരുന്നു. പാതാളം, പ്രീമിയർ സ്റ്റാൻഡുകളിൽ എണ്ണം കുറവാണെങ്കിലും ഓട്ടോറിക്ഷകൾ ഉണ്ടായിരുന്നു. യൂബർ ടാക്സികളും ഓടി.