പറവൂർ: വേനൽമഴയിൽ ചാലക്കുടി പുഴയിൽ വെള്ളം ഉയർന്നതോടെ പുത്തൻവേലിക്കര പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ ഏക്കർ കണക്കിന് നെൽക്കൃഷി വെളളത്തിലായി. ഒരാഴ്ച കഴിഞ്ഞ് കൊയ്യാൻ പാകമായ നെല്ല് അരയ്ക്കൊപ്പം വെള്ളത്തിലായത് കർഷകരെ അങ്കലാപ്പിലാക്കി.

കോഴിത്തുരുത്തിലെ മണൽബണ്ടാണ് അധികജലം കടലിലേക്ക് ഒഴുകിപ്പോകുന്നതിന് തടസമായിരിക്കുന്നത്. കോഴിത്തുരുത്തിലെ സ്ലൂയിസ് കം ബ്രിഡ്ജിന് താഴത്തെ മണൽച്ചാക്കുകൾ നീക്കംചെയ്താൽ വെള്ളം ഒഴുകിപ്പോകും. അതിന് ഇറിഗേഷൻ വകുപ്പുകാർ തയ്യാറല്ല.‌ സ്ളൂയിസിലെ നാല് ഷട്ടറുകളിലെ ഒരെണ്ണം മാത്രമാണ് തുറന്നിരിക്കുന്നത്. കർഷകരുടെ ആവശ്യം ഉദ്യോഗസ്ഥർ ഇതുവരെ ചെവിക്കൊണ്ടിട്ടില്ല. എല്ലാഷട്ടറുകളും തുറന്നാൽ വെള്ളമൊലിച്ചുപോയി പ്രശ്നം പരിഹരിക്കാനാകുമെന്ന് കർഷകർ പറഞ്ഞു.

പുതുക്കാട് ഇരുപത് വർഷമായി കൃഷി ചെയ്യാതെ കിടന്ന പന്ത്രണ്ടെക്കർ പാടത്ത് കർഷകകൂട്ടായ്മ ഇത്തവണ കൃഷിയിറക്കി പ്രതീക്ഷയോടെ കൊയ്യാൻ കാത്തിരിക്കവേയാണ് നെൽക്കതിരുകൾ വെള്ളത്തിലായത്.