fake-notes

കൊച്ചി: ഉദയംപേരൂർ കള്ളനോട്ട് കേസിൽ പൊലീസ് അന്വേഷണം വിപുലമാക്കുന്നു. കോയമ്പത്തൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന നോട്ടിരട്ടിപ്പ് സംഘത്തിന് പിന്നിൽ മലയാളിയടക്കം മൂന്ന് പേരുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്. കഴിഞ്ഞ ആഴ്ച പിടിയിലായവരിൽ നിന്നാണ് നിർണായക വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. സംഘത്തിൽ മലയാളികളടക്കം നിരവധി ഇടനിലക്കാർ പ്രവർത്തിച്ചിരുന്നതായാണ് സൂചന. പ്രതികളുടെ മൊബൈൽ ഫോണുകളിൽ നിന്ന് ചില വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. അറസ്റ്രിലായവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് ഇന്ന് കോടതിയെ സമീപിക്കും.

കേസിൽ ഇതുവരെ 10പേരാണ് അറസ്റ്രിലായത്. ഒടുവിൽ പിടിയിലായ ഇടനിലക്കാരൻ തൃശൂർ സ്വദേശി റഷീദ്, കോയമ്പത്തൂർ സ്വദേശികളായ സയീദ് സുൽത്താൻ, അഷ്‌റഫ് അലി, അസറുദീൻ, റിഷാദ് എന്നിവരെയാണ് കസ്റ്രഡിയിൽ വാങ്ങുന്നത്. ഉദയംപേരൂരിലെ വാടക വീട്ടിൽ നിന്ന് മാർച്ച് ഇരുപത്തിയെട്ടിന് 1,80,000 രൂപയുടെ കള്ളനോട്ട് പിടികൂടിയിരുന്നു. കള്ളനോട്ടിന്റെ ഉറവിടം തേടിയുള്ള അന്വേഷണത്തിലാണ് കോയമ്പത്തൂരിൽ നിന്ന് 1.8 കോടി രൂപയുമായി നാലുപേർ കൂടി പിടിയിലായത്.

അസറുദീനും റിഷാദും പ്രിന്റു ചെയ്യുന്ന നോട്ടുകൾ സയീദ് സുൽത്താനും അഷ്റഫ് അലിയുമാണ് എത്തിച്ചു നൽകിയിരുന്നത്. രണ്ടായിരം രൂപയുടെ കള്ളനോട്ടുകളാണ് ഇവർ അച്ചടിച്ച് തിരിമറി ചെയ്തിരുന്നത്. തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ഉദയംപേരൂർ പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് വൻ കള്ളനോട്ട് ഇടപാട് കണ്ടെത്തിയത്. കേസിൽ സ്ത്രീയടക്കം രണ്ടുപേർ നേരത്തേ അറസ്റ്റിലായിരുന്നു. തമിഴ്‌നാട് കേന്ദ്രീകരീകരിച്ച് പ്രവർത്തിക്കുന്ന നോട്ടിരട്ടിപ്പ് സംഘമാണ് കള്ളനോട്ട് വിതരണം ചെയ്തതെന്ന് ഉദയംപേരൂരിൽ നിന്ന് പിടിയിലായ പ്രിയൻ കുമാർ മൊഴി നൽകിയിരുന്നു.