food
കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽ കൊവിഡ് ബാധിത കുടുംബങ്ങൾക്ക് മരുന്നുകളും ഭക്ഷ്യധാനൃകിറ്റുകളും വീടുകളിൽ എത്തിക്കുന്ന വാഹനം പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ ഫ്ളാഗ് ഓഫ് ചെയ്യുന്നു

#സി.എഫ്.എൽ.ടി.സി ഇതുവരെ തുറന്നില്ല

ആലുവ: കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽ കൊവിഡ് പിടിമുറുക്കിയ അവസ്ഥയിലാണ്. കൊവിഡിന്റെ രണ്ടാംവരവിൽ ഇതിനകം നാല് പേരാണ് മരണത്തിന് കീഴടങ്ങിയത്. നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 486 ആണ്.

കൊവിഡിന്റെ ആദ്യഘട്ടത്തിൽ 20 പേർക്ക് ജീവഹാനിയുണ്ടായി. രണ്ടാംതരംഗത്തിൽ രണ്ട് ദിവസത്തിനകമാണ് നാല് ജീവൻ നഷ്ടമായത്. പടിഞ്ഞാറെ കടുങ്ങല്ലൂരിൽ ആശാരിപ്പറമ്പിൽ അബൂബക്കർ (82), മുപ്പത്തടം നീലമന ഇല്ലത്ത് കേശവൻ നമ്പൂതിരി (60), കടുങ്ങല്ലൂർ കടേപ്പിളളി മാനോലിൽ വീട്ടിൽ ഉമാപ്രസാദ് സുബേദി (60), മുപ്പത്തടം എരമം പ്രണവംവീട്ടിൽ സരസമ്മ (79) എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചത്. സരസമ്മയ്ക്ക് മരണശേഷമാണ് കൊവിഡ് സ്ഥരീകരിച്ചത്.

രോഗവ്യാപനം രൂക്ഷമായതോടെ പഞ്ചായത്ത് കണ്ടെയ്ൻമെന്റ് സോണിലാണ്. 21 വാർഡുകളിലും കൊവിഡ് ബാധിതരുണ്ട്. പതിനൊന്നാം വാർഡിലാണ് ഏറ്റവുമധികം. ഇവിടെ 83 രോഗികളുണ്ട്. രണ്ടാംവാർഡിൽ നാല്പതും ഒന്നാം വാർഡിൽ 38 പേരുമുണ്ട്. ഏറ്റവും കുറവ് രോഗികളുള്ളത് 20 -ാം വാർഡിലാണ്. എട്ടുപേർ. ഇതുവരെ പഞ്ചായത്തിൽ 1967 പേർ കൊവിഡ് ബാധിതരായതിനാൽ 1457 പേർക്കും ഭേദമായി.

രോഗബാധിതരുടെ എണ്ണമേറിയിട്ടും എഫ്.എൽ.ടി.സികൾ ഇതുവരെ തുറന്നിട്ടില്ലെന്നാണ് ആക്ഷേപം. അൻവർ പാലിയേറ്റീവ് കെയർ സെന്ററും ഫിഷറീസ് ട്രെയിനിംഗ് സെന്ററും എഫ്.എൽ.ടി.സിക്കായി പരിഗണിക്കുന്നുണ്ടെങ്കിലും അന്തിമതീരുമാനമായിട്ടില്ല.

ഭക്ഷ്യധാന്യകിറ്റുകൾ നൽകി;

7000 പേർ വാക്സിനെടുത്തു

കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽ കൊവിഡ് ബാധിത കുടുംബങ്ങൾക്ക് മരുന്നുകളും ഭക്ഷൃധാനൃകിറ്റുകളും വീടുകളിൽ എത്തിച്ച് നൽകിയതായി പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, വൈസ് പ്രസിഡന്റ് ആർ. രാജലക്ഷ്മി എന്നിവർ അറിയിച്ചു. എല്ലാ ആഴ്ചകളിലും ഭക്ഷ്യധാന്യങ്ങളും മരുന്നുകളും എത്തിക്കും.

വാക്‌സിനേഷൻ മെഗാക്യാമ്പുകൾ മുഖേന 7000 പേർക്ക് വാക്‌സിൻ നൽകി. 18 വയസുമുതലുളളവർക്ക് മേയ് ഒന്നുമുതൽ വാക്‌സിൻ നൽകുന്നതിനുള്ള തയ്യാറെടുപ്പുകളും നടന്നുവരികയാണ്. എഫ്.എൽ.ടി.സി ഉടൻ തുറക്കുമെന്നും പ്രസിഡന്റ് അറിയിച്ചു. കൺട്രോൾ റൂം നമ്പറുകൾ: 9446025023, 9447414394, 9447913518.