കൊച്ചി: ആരാധനാലയങ്ങളിൽ കൊവിഡ് മാനദണ്ഡം ഉറപ്പുവരുത്തുന്നതിൽ മതമേലദ്ധ്യക്ഷന്മാർ വേണ്ടത്ര ശ്രദ്ധ പുലർത്തുന്നില്ലെന്നും ഈ സാഹചര്യത്തിൽ ജില്ലാ കളക്ടർ നിയമനടപടി സ്വീകരിക്കണമെന്നും ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ കേന്ദ്രസമിതി യോഗം ആവശ്യപ്പെട്ടു. ക്രൈസ്തവ ദേവാലയങ്ങളിൽ മിക്കയിടത്തും നിരവധി വിശ്വാസികളാണ് തിരുക്കർമ്മങ്ങൾക്കായി എത്തിച്ചേരുന്നത്. കൊവിഡ് പ്രോട്ടോക്കോളിന് വിധേയമായി മാത്രമേ പള്ളികളിൽ വിശ്വാസികളെ പങ്കെടുപ്പിക്കാൻ പാടുള്ളുവെന്ന നിർദ്ദേശം അടിയന്തരമായി മതമേലദ്ധ്യക്ഷന്മാർ താഴേത്തട്ടുകളിലേക്ക് നൽകണം.ഇക്കാര്യത്തിൽ യാക്കോബായ സഭ കൈക്കൊണ്ട നിലപാടിനെയും പുറപ്പെടുവിച്ച സർക്കുലറിനെയും യോഗം അഭിനന്ദിച്ചു. പ്രസിഡന്റ് ഫെലിക്‌സ് ജെ.പുല്ലൂടൻ അദ്ധ്യക്ഷത വഹിച്ചു. ജോസഫ് വെളിവിൽ, ജോർജ് കട്ടിക്കാരൻ, അഡ്വ.വർഗീസ് പറമ്പിൽ, വി.ജെ. പൈലി, ജെറോം പുതുശേരി, പി.ജെ. മാത്യു, ലോനൻ ജോയ, ബാബു ഈരത്തറ തുടങ്ങിയവർ പ്രസംഗിച്ചു.