കുറുപ്പംപടി: ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് ഒരു മണിക്കൂറോളം റോഡരികിൽ അവശ നിലയിൽ കിടന്ന വൃദ്ധൻ മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസറും എറണാകുളം റൂറൽ പൊലീസ് മേധാവിയും അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.

കടുവാൾ സരസ്വതി വിലാസത്തിൽ ഗോവിന്ദൻകുട്ടി(70)യാണ് ശനിയാഴ്ച മരിച്ചത്. എം.സി. റോഡിലെ കാലടി കവലയ്ക്കുസമീപം രാവിലെ എട്ടു മണിയോടെ അവശനായി ഇരുന്ന ഇദ്ദേഹത്തെ കൊവിഡ് ഭീതിയെത്തുടർന്ന് ആരും ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ല. റോഡരികിൽ ആൾ അവശനിലയിൽ ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പൊലീസ് കുടിക്കാൻ വെള്ളം നൽകിയ ശേഷം ആംബുലൻസ് വിളിച്ചു. കൊവിഡ് ബാധിതനാണോ എന്ന സംശയത്തെത്തുടർന്നാണ് ആംബുലൻസിനു കാത്തതെന്നാണ് പൊലീസ് പറയുന്നത്. ഏറെ സമയം വൈകി ആംബുലൻസ് വന്നെങ്കിലും പി.പി.ഇ കിറ്റ് ഉണ്ടായിരുന്നില്ല. ഒടുവിൽ പി പി ഇ കിറ്റ് ധരിച്ച പൊലീസ് ഉദ്യോഗസ്ഥർ വയോധികനെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

ഗോവിന്ദൻകുട്ടിക്ക് കൊവിഡ് ഇല്ലായിരുന്നെന്ന് മൃതദേഹത്തിൽ നടത്തിയ പരിശോധനയിൽ വ്യക്തമായി. സംസ്കാരം നടത്തി.