കൊച്ചി: ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികളുടെ സേവനം ഉറപ്പാക്കാൻ ജില്ലാ കളക്ടർ എസ്. സുഹാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ജില്ലയിലെ സ്വകാര്യ ആശുപത്രി പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. എല്ലാ സ്വകാര്യ ആശുപത്രികളിലെയും 25 ശതമാനം കിടക്കകൾ കൊവിഡ് ചികിത്സയ്ക്കായി മാറ്റിവയ്ക്കാൻ യോഗം തീരുമാനിച്ചു.
ആശുപത്രികൾ അതത് ദിവസത്തെ ഓക്‌സിജൻ ലഭ്യത സംബന്ധിച്ചുള്ള വിവരങ്ങളും ഓക്‌സിജൻ ബഫർ സ്റ്റോക്കിന്റെ വിവരങ്ങളും ജില്ലാ ഭരണകൂടത്തിന് നൽകണം. കാറ്റഗറി എ വിഭാഗത്തിൽപ്പെടുന്ന രോഗികൾക്ക് വീടുകളിൽത്തന്നെ കഴിയുന്നതിനുള്ള സംവിധാനവും ടെലിമെഡിസിൻ സൗകര്യവും സ്വകാര്യ ആശുപത്രികളൾ ഒരുക്കണം. ഇതിനായി ആശുപത്രികൾക്ക് ടെലിമെഡിസിൻ, ഹോം ക്വാറന്റെയിൻ പാക്കേജുകൾ ആരംഭിക്കാം. ഇവർക്കായി എഫ്.എൽ.ടി.സികൾ സജ്ജമാക്കാനും ആശുപത്രികൾക്ക് നിർദേശം നൽകി.
താലൂക്കുതല കൺട്രോൾ റൂം തുടങ്ങി
പൊതു,സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സയ്ക്കായി താലൂക്കുതല കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. താലൂക്ക് തലത്തിൽ തന്നെയുള്ള ആശുപത്രി സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി കൊവിഡ് ചികിത്സ ലഭ്യമാക്കുന്നതിനാണിത്.
കൊവിഡ് പോസിറ്റീവ് ആകുന്ന രോഗികൾക്ക് പോസിറ്റീവായി മൂന്ന് ദിവസത്തിനു ശേഷം എക്‌സറേ, രക്തപരിശോധന പോലുള്ള പരിശോധനകൾ നടത്തുന്നതിന് പരമാവധി സ്വകാര്യ ആശുപത്രികളിൽ കൊവിഡ് ഒ.പി ആരംഭിക്കാനും തീരുമാനിച്ചു.
നിരീക്ഷണത്തിന് പ്രത്യേകസമിതി
സ്വകാര്യ ആശുപത്രികളിലെ കിടക്കകളുടെ ലഭ്യത അടക്കമുള്ള കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിന് പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം സമിതി ഓരോ ദിവസവും നിരീക്ഷിച്ച് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകണം.ഓക്‌സിജൻ വെൻഡേഴ്‌സ്, ഓക്‌സിജൻ ഇൻസ്റ്റാൾ ചെയ്യുന്നവർ എന്നിവരുടെ പിന്തുണ സ്വകാര്യ ആശുപത്രികൾക്ക് ലഭ്യമാക്കുന്നതിന് ജില്ലാ തലത്തിൽ നടപടി സ്വീകരിക്കും. എല്ലാ സ്വകാര്യ ആശുപത്രികളും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ (കാസ്പ്) രണ്ടു ദിവസത്തിനകം രജിസ്റ്റർ ചെയ്യാനും കളക്ടർ നിർദേശിച്ചു.