കൊച്ചി: മെഡിക്കൽ ഓക്‌സിജൻ മനുഷ്യാവകാശമായി കണക്കാക്കി മരണവുമായി മല്ലടിക്കുന്നവരുടെ ജീവൻ നിലനിറുത്താൻ അടിയന്തരമായി ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പും കേരള കത്തോലിക്കാ മെത്രാൻ സമിതി പ്രസിഡന്റുമായ കർദിനാൾ ജോർജ് ആലഞ്ചേരി കേന്ദ്ര സംസ്ഥാന സർക്കാരുകളോട് അഭ്യർത്ഥിച്ചു.
മെഡിക്കൽ ഓക്‌സിജന് ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവയെപ്പോലെ പ്രാധാന്യം നൽകണം. ലാഭക്കച്ചവടത്തിനായി വിട്ടുകൊടുക്കാവുന്ന വില്പനച്ചരക്കായി ഓക്‌സിജനെ സർക്കാർ കാണരുത്. പ്രതിസന്ധിഘട്ടത്തിൽ മെഡിക്കൽ ഓക്‌സിജന്റെ ലഭ്യത അടിസ്ഥാന ആവശ്യമായി കണക്കാക്കി സൗജന്യമായി ലഭ്യമാക്കണം. ആവശ്യമെങ്കിൽ വിദേശത്ത് നിന്ന് ചാർട്ടേഡ് ഫ്‌ളൈറ്റുകൾ വഴി ഓക്‌സിജൻ ലഭ്യമാക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണം.
കൊവിഡ് പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിച്ച നടപടികളെ അഭിനന്ദിക്കുന്നു. രാജ്യം നേരിടുന്ന പ്രതിസന്ധിയിൽ സർക്കാരുകളോട് ചേർന്ന് സഭാസംവിധാനങ്ങൾ പ്രവർത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.