# കേരളകൗമുദി വാർത്ത ചൂണ്ടിക്കാട്ടി

ആലുവ: ആലുവ ജില്ലാ ആശുപത്രിയിൽ കൊവിഡ് രോഗികൾ കൂടുമ്പോഴും ആവശ്യത്തിന് ഡോക്ടർമാരില്ലെന്ന പരാതി ഗൗരവമായി പരിഗണിക്കണമെന്ന് അൻവർ സാദത്ത് എം.എൽ.എ ആവശ്യപ്പെട്ടു. കൊവിഡ് വ്യാപന സാഹചര്യത്തിൽ ജില്ലാ കളക്ടർ വിളിച്ചുചേർത്ത ജില്ലയിലെ ജനപ്രതിനികളുടെ യോഗത്തിൽ 'കേരളകൗമുദി' ഇന്നലെ പ്രസിദ്ധീകരിച്ച വാർത്ത ചൂണ്ടിക്കാട്ടിയാണ് എം.എൽ.എ വിഷയം ഉന്നയിച്ചത്.

മന്ത്രി വി.എസ്. സുനിൽകുമാറിന്റെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം. ജില്ലാ ആശുപത്രിയായി ഉയർത്തിയെങ്കിലും ആലുവ ആശുപത്രിയിൽ ഇപ്പോഴും ഒരു ഫിസിഷ്യൻ മാത്രമാണുള്ളത്. ഇദ്ദേഹം അവധിയെടുത്താൽ ചികിത്സ മുടങ്ങുന്ന അവസ്ഥയാണ്. അസ്ഥിരോഗ വിഭാഗത്തിലും പ്രതിസന്ധിയാണ്. കൊവിഡ് ചികിത്സാ സെന്ററായി ആലുവ ജില്ലാ ആശുപത്രിയെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പൂർണതോതിൽ പ്രവർത്തന സജ്ജമായില്ലെന്നും അൻവർ സാദത്ത് പറഞ്ഞു. വിഷത്തിൽ ഉടൻ പരിഹാരമുണ്ടാക്കുമെന്ന് കളക്ടർ എസ്. സുഹാസ് ഉറപ്പുനൽകി.

ജില്ലയിൽ നിന്നുള്ള എം.പിമാർ, എം.എൽ.എമാർ, നഗരസഭ ചെയർമാന്മാർ, ജില്ലാ, ഗ്രാമ - ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ആരോഗ്യ പ്രവർത്തകർ എന്നിവർ ഓൺലൈൻ യോഗത്തിൽ സംബന്ധിച്ചു.