ആലുവ: കൊവിഡ് ബാധിതരുടെ എണ്ണമേറിയതിനെ തുടർന്ന് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച കീഴ്മാട് ഗ്രാമപഞ്ചായത്തിൽ ഇതുവരെ ഫസ്റ്റ് ലെവൽ ട്രീറ്റ്മെന്റ് സെന്റർ തുറന്നില്ല. നിലവിൽ പഞ്ചായത്ത് പ്രദേശത്ത് മുന്നൂറോളം രോഗികളുണ്ടായിട്ടും എഫ്.എൽ.ടി.സി തുറക്കാത്തത് പഞ്ചായത്ത് അധികൃതരുടെ വീഴ്ചയാണെന്നാണ് ആക്ഷേപം.

കൊവിഡിന്റെ ആദ്യഘട്ടത്തിൽ കീഴ്മാട് എം.ആർ.എസ് സ്കൂളിലായിരുന്നു എഫ്.എൽ.ടി.സി തുറന്നത്. മികച്ച പ്രവർത്തനമാണ് പഞ്ചായത്ത് - ആരോഗ്യ പ്രവർത്തകർ ചേർന്ന് സംഘടിപ്പിച്ചത്. സെന്ററിലേക്ക് ആവശ്യമായ സാധനസാമഗ്രികളെല്ലാം വിവിധ സംഘടനകളും വ്യക്തികളുമെല്ലാം നൽകിയിരുന്നു. ഇവയെല്ലാം ഇപ്പോഴും പഞ്ചായത്തിന്റെ കൈവശമുണ്ടായിട്ടും എഫ്.എൽ.ടി.സി തുറക്കാത്തതിൽ പ്രതിഷേധമുണ്ട്. ചാലക്കൽ പ്രദേശത്തെ ചില നാല് സെന്റ് കോളനികളിൽ ഉൾപ്പെടെ രോഗബാധിതരുണ്ട്. വീടുകളിൽ തങ്ങുന്നതിന് ബുദ്ധിമുട്ടുണ്ടായിട്ടും രോഗികൾ ഇതെല്ലാം സഹിക്കുകയാണ്. ഇത് രോഗവ്യാപനത്തിന് വഴിയൊരുക്കുന്ന സ്ഥിതിയാണ്.

പഞ്ചായത്തിലെ ഒന്നാം വാർഡിൽ മാത്രം അമ്പതോളം കൊവിഡ് ബാധിതരുണ്ട്. എട്ടാം വാർഡിൽ മുപ്പതും എടയപ്പുറം ഭാഗത്തെ മൂന്ന് വാർഡുകളിലായി അമ്പതോളം പേരും ചികിത്സയിലുണ്ട്.