കൊച്ചി: സ്വകാര്യ ആശുപത്രികളിൽ 250 രൂപ മാത്രമുണ്ടായിരുന്ന കൊവിഡ് വാക്സിൻ 1200 രൂപയായി ഉയർത്തുന്നത് സാധാരണക്കാരന് താങ്ങാനാകുന്നതല്ലെന്നും വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും കേരള കോൺഗ്രസ് ചെയർമാൻ പി.സി. തോമസ് ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ എല്ലാവർക്കും സർക്കാർ ആശുപത്രികളിൽനിന്ന് സൗജന്യവാക്സിൻ സ്വീകരിക്കാനാവില്ല. അതുകൊണ്ട് സബ്‌സിഡി നൽകിയോ അല്ലാതെയോ സ്വകാര്യ ആശുപത്രികളിലെ കുത്തിവെപ്പിന് പഴയനിരക്കുതന്നെ നിലനിറുത്തണം.
അതുപോലെ രക്തം കൂടുതൽ ആവശ്യമുള്ള സമയമാണിത്. എന്നാൽ രക്തദാതാക്കൾക്കും നിലവിൽ ആശുപത്രികളിൽ രക്തം കൊടുക്കാവുന്ന സ്ഥിതിയല്ല. രക്തം സ്വീകരിക്കുന്നതിന് സൗകര്യമൊരുക്കാൻ ആശുപത്രികൾക്കും ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് രക്തം കൊടുക്കാൻ തയ്യാറുള്ള ആളുകൾക്ക് പ്രാദേശിക തലത്തിൽ അതിനുള്ള സൗകര്യം ഒരുക്കണമെന്നും പി.സി. തോമസ് ആവശ്യപ്പെട്ടു.