vipany
ഇന്നലെ ചെമ്മനാട്ടെ വിപണിയിൽ വില്പനക്കക എത്തിച്ച പച്ചക്കറികൾ

കോലഞ്ചേരി: കൊവിഡിന്റെ ദുരിതം പേറി പച്ചക്കറി കർഷകർ. വിലയില്ലാതായതോടെ കിട്ടിയ വിലക്ക് പച്ചക്കറി വിറ്റു തീർത്തു. തിരുവാണിയൂർ ചെമ്മനാട്ടെ കർഷക വിപണിയിലാണ് ആറ്റുനോറ്റു വിളയിച്ച പച്ചക്കറി കിട്ടിയ വിലക്ക് കർഷകർ വിറ്റഴിച്ചത്. കണ്ടെയ്ൻമെന്റ് സോണിലായതിനാൽ മഴുവന്നൂരിലെ വിപണിയിൽ വിൽക്കേണ്ട പച്ചക്കറി ചെമ്മനാട്ടാണ് ഇന്നലെ കർഷകർ വില്പനയ്ക്ക് എത്തിച്ചത്. മൊത്ത വിതരണക്കാർ കാര്യമായി വിപണിയിൽ എത്താതായതോടെയാണ് വില കുത്തനെ ഇടിഞ്ഞത്. വിപണിയിൽ വാങ്ങാനാളില്ലെന്നാണ് കച്ചവടക്കാരുടെ പക്ഷം. എല്ലാ പച്ചക്കറികൾക്കും ഇത്ര കണ്ട് വില ഇടിയുന്നത് അടുത്ത കാലത്തെങ്ങും ഉണ്ടായിട്ടില്ലെന്നാണ് കർഷകർ പറയുന്നത്.

കഴിഞ്ഞ ആഴ്ച ലേലത്തിൽ പോകാതെ പടവലവും, ഇളവനും, വെള്ളരിയുമടങ്ങുന്ന നാല് ടണ്ണോളം പച്ചക്കറികളാണ് കുഴിച്ചു മൂടിയത്. ഇതുണ്ടാക്കിയ നഷ്ടം ചെറുതല്ല. ഇതോട‌െയാണ് കിട്ടിയ വിലക്ക് വിറ്റ് തീർക്കാൻ ഈ ആഴ്ച കർഷകർ തയ്യാറായത്. പറിച്ചു വച്ച പച്ചക്കറികൾചീഞ്ഞു പോകുമെന്നുറപ്പുള്ളതിനാൽ കർഷകരെ വരുതിയിൽ വരുത്തി വില ഇടിക്കുന്ന തന്ത്റമാണിതിനു പിന്നിലെന്നും സംശയമുണ്ട്. കൊവിഡായതോടെ തമിഴ്നാട്ടിൽ നിന്നും പച്ചക്കറി ലോഡെത്തുന്നത് കുറവാണ് അതോടെ ഈ സമയം ഇവിടെ വില ഉയരേണ്ടതാണ് എന്നാൽ മൊത്ത വിതരണക്കാർ സംഘമായി വില ഇടിച്ചതാണെന്ന സംശയവുമുണ്ട്. കൊവിഡ് കാലത്ത് നല്ല വില പ്രതീക്ഷിച്ച് പരമാവധി ഉല്പന്നങ്ങളും വിപണിയിൽ എത്തിച്ചിരുന്നു. കർഷക വിപണികളിൽ നിന്ന് ഇത്തരം സാഹചര്യങ്ങളിൽ ഹോർട്ടികോർപ്പ് മാന്യമായ വില നൽകി പച്ചക്കറി സംഭരിക്കുകയാണ് പതിവ്. എന്നാൽ ഹോർട്ടികോർപ്പ് അധികൃതർ പച്ചക്കറി സംഭരണം നിർത്തി വച്ചതാണ് കർഷകർക്ക് തിരിച്ചടിയായത്. അതോടെ സാധാരണ വില്പന വിലയുടെ പകുതിയിൽ താഴെ വിലക്ക് പച്ചക്കറി മൊത്ത കച്ചവടക്കാർക്ക് കൊടുത്ത് കാലിയാക്കുകയായിരുന്നു. ആദ്യ പ്രളയത്തിൽ സർവ്വവും തകർന്ന് വൻ കടക്കെണിയിലായിരുന്നു കർഷകർ, അതിനിടയിലാണ് രണ്ടാം പ്രളയം ഇടിത്തീ പോലെ വന്നത്. തുടർന്ന് കൊവിഡും, അപ്രതീക്ഷിതമായ വേനൽ മഴയും കാറ്റുമെല്ലാം കർഷക സ്വപ്നങ്ങളെ തകർത്തു.

ഇന്നലെ വിപണിയിൽ ലേലത്തിൽ പോയ വില

പടവലം 4

വെള്ളരിക്ക 4

കപ്പ 5
കുമ്പളം 7

മത്തൻ 12

കാച്ചിൽ 10

ചേമ്പ് 15

ചേന 12

ചുരക്ക 5

പൈനാപ്പിൾ 18

ഏത്തക്കായ 54

ഞാലിപ്പൂവൻ 30

കുറ്റിപയർ 45